കണ്ണൂര്‍: എരഞ്ഞോളിയില്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ പ്രദേശവാസി എം സീന കൂടുതല്‍ ആരോപണവുമായി രംഗത്ത്. സിപിഐഎം പഞ്ചായത്ത് അംഗങ്ങള്‍ വീട്ടിലെത്തി രക്ഷിതാക്കളെ താക്കീത് ചെയ്തെന്ന് എം സീന റിപ്പോര്‍ട്ടറിനോട് പറഞ്ഞു. രണ്ട് പേരാണ് വീട്ടിലെത്തിയതെന്നും സീന പറഞ്ഞു. ബോംബ് സ്ഫോടനത്തില്‍ മരിച്ച വേലായുധന്റെ അയല്‍വാസിയാണ് സീന. മകളെ നിലക്ക് നിര്‍ത്തണമെന്നും പറഞ്ഞു മനസിലാക്കിയാല്‍ നല്ലതെന്നുമായിരുന്നു താക്കീതെന്ന് സീന പറയുന്നു. പലയിടങ്ങളിലും ഒറ്റപ്പെടുത്തല്‍ ആരംഭിച്ചു. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ല. തുറന്നുപറഞ്ഞത് നാട്ടില്‍ സമാധാനം ഉണ്ടാവണമെന്ന തന്റെ ആഗ്രഹത്താലാണെന്നും സീന പറഞ്ഞു. പ്രദേശത്ത് സ്ഥിരമായി ബോംബ് നിര്‍മ്മാണം നടക്കുന്നുണ്ടെന്നായിരുന്നു സീന കഴിഞ്ഞ ദിവസം ആരോപിച്ചത്.
തൊട്ടടുത്ത പറമ്പില്‍ നിന്ന് പോലും നേരത്തെയും ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. പൊലീസിനെ അറിയിക്കാതെ സിപിഐഎം പ്രവര്‍ത്തകര്‍ ബോംബുകള്‍ എടുത്തുമാറ്റി. ഭയന്നിട്ടാണ് ആരും പ്രതികരിക്കാതിരുന്നത്. സഹികെട്ടാണ് തുറന്ന് പറയുന്നത്. ജീവിക്കാന്‍ അനുവദിക്കണമെന്നാണ് അപേക്ഷ. ബോംബ് പൊട്ടി മരിക്കാന്‍ ആഗ്രഹമില്ലെന്നും ഇത്തരക്കാരെ നേതൃത്വം നിയന്ത്രിക്കണമെന്നും സീന പറഞ്ഞിരുന്നു. കണ്ണൂര്‍ എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധന്‍(75) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. സണ്ണി ജോസഫ് എംഎല്‍എയുടെ അടിയന്തരപ്രമേയത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത്തരം സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.