CMDRF

ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം; ഏഴംഗ സംഘം പിടിയില്‍

ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം; ഏഴംഗ സംഘം പിടിയില്‍
ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം; ഏഴംഗ സംഘം പിടിയില്‍

കിടങ്ങന്നൂര്‍: പത്തനംതിട്ട കിടങ്ങന്നൂരില്‍ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയില്‍. രണ്ട് കിലോ കഞ്ചാവും വടിവാളും കഞ്ചാവ് തൂക്കാനുള്ള ത്രാസും പോലീസ് ഇവരില്‍നിന്ന് പിടിച്ചെടുത്തു. വിവിധ ജില്ലക്കാരായ ഏഴ് പേരാണ് പിടിയിലായത്. ആലപ്പുഴ മാന്നാര്‍ കയ്യാലയത്ത് തറയില്‍ അഖില്‍ (21), തിരുവനന്തപുരം നെല്ലിക്ക പറമ്പ് ജോബി ഭവനില്‍ ജോബി ജോസ്(34), ചെങ്ങന്നൂര്‍ ചക്കാലയില്‍ വീട്ടില്‍ വിശ്വം(24), ചെങ്ങന്നൂര്‍ വാഴത്തറയില്‍ ജിത്തു ശിവന്‍(26), കാരയ്ക്കാട് പുത്തന്‍പുരയില്‍ ഷെമന്‍ മാത്യു(3), മാവേലിക്കര നിരപ്പത്ത് വീട്ടില്‍ ആശിഷ് (21), ആലപ്പുഴ വലിയ കുളങ്ങര സ്വദേശി രജിത്ത്(23) എന്നിവരാണ് പിടിയിലായത്.

കിടങ്ങന്നൂരില്‍ ഫ്ലാറ്റ് വാടകക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു സംഘമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു റെയ്ഡ്. എസ്പിയുടെ പ്രത്യേക ഡാന്‍സാഫ് സംഘവും ഇലവന്തിട്ട, ആറന്‍മുള പൊലീസും സംയുക്തമായാണ് ഫ്ലാറ്റില്‍ പരിശോധനയ്‌ക്കെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഫ്ലാറ്റ് കേന്ദ്രീകരിച്ച് വലിയ തോതില്‍ കഞ്ചാവെത്തിച്ച് ഇവിടെ നിന്നും ചെറിയ അളവില്‍ പായ്ക്കറ്റുകളാക്കിയാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരം സ്വദേശിയായ ജോബി ജോസ് ആണ് സംഘത്തിലെ പ്രധാനി. ഇയാളെ നേരത്തെയും കഞ്ചാവ് കേസില്‍ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് ചോദ്യംചെയ്തു വരികയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നതടക്കം പൊലീസ് പരിശോദിച്ചു വരികയാണ്.

Top