ഇസ്ലാമാബാദ്: പാകിസ്താനിൽ മുൻ ഐ.എസ്.ഐ മേധാവിയുടെ അറസ്റ്റിന് പിന്നാലെ മുതിർന്ന മൂന്ന് മുൻ സൈനിക ഉദ്യോഗസ്ഥർ അറസ്റ്റിൽ. മുൻ ഐ.എസ്.ഐ മേധാവി ഫായിസ് ഹമീദിനെതിതെയുള്ള അഴിമതി ആരോപണങ്ങളിൽ ഇവർക്കും ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ആർമി ഓഫിസർമാരെ അറസ്റ്റ് ചെയ്തതെന്ന് സൈന്യം അറിയിച്ചു. എന്നാൽ ഉദ്യോഗസ്ഥരുടെ കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.സൈന്യത്തിന്റെ മീഡിയ വിഭാഗം ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസൃതമായി അസ്ഥിരത വളർത്തിയതിന് ചില വിരമിച്ച ഉദ്യോഗസ്ഥരുടെയും അവരുടെ കൂട്ടാളികളുടെയും നേർക്ക് കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
ടോപ്സിറ്റി ഭവനപദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് മുൻ ഐ.എസ്.ഐ മേധാവി ലഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മുൻ പാകിസ്താൻ പ്രസിഡന്റ് ഇമ്രാൻ ഖാനുമായി അടുത്ത ബന്ധം ഫായിസ് ഹമീദിനുണ്ട്. പാകിസ്താൻ സുപ്രീം കോടതിയുടെ ഉത്തരവുകൾ പ്രകാരം ഫായിസ് ഹമീദിനെതിരെ ടോപ്പ് സിറ്റി കേസിലെ പരാതികൾ പരിശോധിക്കാൻ സൈന്യം വിശദമായ അന്വേഷണം നടത്തിയിരുന്നു.