തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി (70) അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും ഹോര്‍ട്ടികോര്‍പ്പ് മുന്‍ ചെയര്‍മാനുമായിരുന്നു. പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് രാത്രിയോടെ അന്ത്യം സംഭവിച്ചത്. കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോഓര്‍ഡിനേറ്ററായിരുന്നു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമാണ്. 2020ല്‍ യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കും.
Read Also: മാരക തിരിച്ചുവരവ്! മുഹമ്മദിന്‍സിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്
കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്ന ലാല്‍ വര്‍ഗീസ് 17 വര്‍ഷക്കാലം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനയുടെ ജനറല്‍ സെക്രട്ടറി. വൈസ് പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2018ല്‍ കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോഓര്‍ഡിനേറ്ററായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനായത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വര്‍ഗീസ് വൈദ്യന്റെ മകനാണ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി, ഇന്ദിരാഗാന്ധിയോടും കെ കരുണാകരനോടുമുള്ള ആരാധനയാണ് അദ്ദേഹത്തെ കോണ്‍ഗ്രസുകാരനാക്കുന്നത്. കര്‍ഷകരോടും കാര്‍ഷിക വൃത്തിയോടുമുള്ള താത്പര്യത്താല്‍ പാര്‍ട്ടിയുടെ മറ്റ് തലങ്ങളിലേക്ക് മാറാതെ കര്‍ഷക കോണ്‍ഗ്രസില്‍ തന്നെ കഴിഞ്ഞ 45വര്‍ഷമായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.