ജറുസലേം: ബെയ്റൂത്തിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ സുഹൈൽ ഹുസൈനിയെ വധിച്ചതായി പറഞ്ഞു. ഹിസ്ബുള്ളയുടെ മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, ബജറ്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്നതു സുഹൈലാണ്. അതേസമയം കരയാക്രമണം വിപുലമാക്കാനായി തെക്കൻ ലബനൻ അതിർത്തിയിലേക്കു റിസർവ് സൈനികരുടെ ആദ്യഡിവിഷനെത്തി. ഇന്നലെയും വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള ശക്തമായ റോക്കറ്റാക്രമണം തുടർന്നു.
ലബനൻ അതിർത്തി കടന്ന ഇസ്രയേൽ സൈന്യം കഴിഞ്ഞയാഴ്ച മേഖലയിലെ ഡസൻകണക്കിനു പട്ടണങ്ങളിലെ ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിരുന്നു. 2006 നുശേഷം ലബനൻ അതിർത്തിയിൽ കാവലുള്ള യുഎൻ സമാധാനസേനയുടെ ആസ്ഥാനമായ നഖൗര ടൗണും ഇതിൽ ഉൾപ്പെടും. യുഎൻ സേനാ മന്ദിരത്തിനു സമീപം ടാങ്കുകൾ അടക്കം 40 സൈനികവാഹനങ്ങളെത്തിയെന്നു റിപ്പോർട്ടുണ്ട്.
Also Read: രസതന്ത്ര നൊബേൽ മൂന്നുപേർക്ക്; പുരസ്കാരം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിന്
അതോടൊപ്പം ലബനനിലെ വെടിനിർത്തലിനായുള്ള നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ഹിസ്ബുള്ള ഉപമേധാവി നയീം ഖാസിം പറഞ്ഞു.
യുദ്ധം തുടർന്നുകൊണ്ടിരിക്കുന്ന ഗാസയിൽ ഇതുവരെ 41,965 പലസ്തീൻകാർ കൊല്ലപ്പെട്ടു. 97,590 പേർക്കു പരുക്കേറ്റു.