പെഷവാര്‍: പാക്കിസ്താനില്‍ മുതിർന്ന മാധ്യമപ്രവര്‍ത്തകൻ ഖലീൽ ജിബ്രാനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ട്രൈബല്‍ ജേണലിസ്റ്റ് അസോസിയേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഖൈബര്‍ ന്യൂസ് എന്ന പഷ്‌തോ ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടര്‍ ഖലീല്‍ ജിബ്രാനെയാണ് ഖൈബര്‍ ജില്ലയിലെ മസ്രിന സുല്‍ത്താന്‍ഖേല്‍ ഏരിയയിലെ വീടിന് സമീപം അക്രമികള്‍ വെടിവെച്ചു കൊന്നത്. വെടിവെപ്പില്‍ സാജിദ് എന്ന മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പോലീസ് സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
ഖൈബര്‍ പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി അലി അമിന്‍ ഗന്ധപൂര്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തെ അപലപിക്കുകയും അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകരും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്.