മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഊർജ ഓഹരികളിലെ നേട്ടമാണ് വിപണികൾക്ക് കരുത്തായത്. ബോംബെ സൂചിക സെൻസെക്സ് 0.22 ശതമാനം നേട്ടത്തോടെ 77,180.69ലാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റി 0.25 ശതമാനം നേട്ടത്തോടെ 23,523.30ത്തിലാണ് വ്യാപാരം തുടങ്ങിയത്.
ഊർജ ഓഹരികളിൽ 0.5 ശതമാനം നേട്ടമുണ്ടായി. 1.2 ശതമാനം നേട്ടത്തോടെ ഒ.എൻ.ജി.സിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. പെട്രോളിയം കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നികുതി കേന്ദ്രസർക്കാർ കുറച്ചതാണ് ഊർജ ഓഹരികൾക്ക് കരുത്തായത്. ഐ.ടി കമ്പനിയായ വിപ്രോയുടെ ഓഹരി മൂന്ന് ശതമാനമാണ് ഉയർന്നത്.