ആഭ്യന്തര സൂചികകൾ ഇന്ന് ഉച്ചയോടെ വ്യാപാരം അവസാനിപ്പിച്ചത് വൻ ഇടിവിലാണ്. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം ഇടിഞ്ഞു. സെന്‍സെക്‌സ് 1200 പോയന്റിലേറെ നഷ്ടം നേരിട്ടപ്പോൾ നിഫ്റ്റിയാകട്ടെ 26,000 ൽ താഴെയെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പുറമെ, ഐടി, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ്.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 2.73 ലക്ഷം കോടി കുറഞ്ഞ് 475.2 ലക്ഷം കോടിയായി. റിലയന്‍സ് ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവയാണ് വിലയിടിഞ്ഞ പ്രമുഖ ഓഹരികള്‍. ഭാരതി എയര്‍ടെല്‍, എംആന്‍ഡ്എം, എസ്ബിഐ, ടിസിഎസ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയും തകര്‍ച്ച നേരിട്ടു. നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, ഐടി, മീഡിയ, റിയാല്‍റ്റി, ഹെല്‍ത്ത് കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ സെക്ടറല്‍ സൂചികകളില്‍ 1.6 ശതമാനം താഴോട്ടാണ്.
Also Read: ഓഹരി വിപണിയിൽ കുതിപ്പുമായി കേരളം
അതേസമയം, ചൈനയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപനത്തിന് ശേഷം മെറ്റല്‍ ഓഹരികള്‍ നേട്ടത്തിലാണ് . നിഫ്റ്റി മെറ്റല്‍ 1.5 ശതമാനം ഉയര്‍ന്നു. എന്‍എംഡിസി, ഹിന്‍ഡാല്‍കോ, സെയില്‍ എന്നിവ സൂചികയില്‍ ഉയര്‍ന്ന നേട്ടം സ്വന്തമാക്കി. ചൈനീസ് സര്‍ക്കാര്‍ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചതോടെ ചൈനീസ് ഓഹരികള്‍ക്കു പിന്നാലെയായി വിദേശികള്‍. ഷാങ്ഹായ് കോമ്പോസിറ്റ് 4.4ശതമാനം ഉയര്‍ന്നു. ഭവന വായ്പാ നിരക്കുകളില്‍ ചൈനീസ് കേന്ദ്ര ബാങ്ക് കുറവുവരുത്തിയതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്തു. ഒരാഴ്ചക്കിടെ 18 ശതമാനമാണ് ഷാങ്ഹായ് നേട്ടമുണ്ടാക്കിയത്.
ലെബനനിലെ ഇസ്രായേല്‍ ആക്രമണ ആഗോള വിപണികളില്‍ അനിശ്ചിതത്വം സൃഷ്ടിച്ചു. ഊര്‍ജ വിതരണത്തെക്കുറിച്ചുള്ള ആശങ്ക, അസംസ്‌കൃത എണ്ണവിലയിലെ വര്‍ധന ഇതെല്ലാം വിപണിയെ സ്വാധീനിച്ചു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ വിപണിയില്‍ ഓഹരികള്‍ വിറ്റൊഴിയുന്നതും തകര്‍ച്ചക്ക് കാരണമായി. സെപ്റ്റംബര്‍ 28ന് 1,209 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്. എങ്കിലും സെപ്റ്റംബറിലെ അവരുടെ മൊത്തം നിക്ഷേപം 57,000 കോടിയാണെന്നത് ആശ്വാസം നല്‍കുന്നു.