മുംബൈ: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിൽ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടം. സെന്‍സെക്‌സും നിഫ്റ്റിയും മൂന്നു ശതമാനമാണ് മുന്നേറിയത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 75,500 പോയിന്റും കടന്ന് പുതിയ ഉയരം കുറിച്ചു.
ഒറ്റയടിക്ക് രണ്ടായിരത്തോളം പോയിന്റാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. നിലവില്‍ 75,874 പോയിന്റിലാണ് സെന്‍സെക്‌സ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ്. 23,000 പോയിന്റ് മറികടന്ന് റെക്കോര്‍ഡ് ഉയരത്തിലാണ് നിഫ്റ്റി. പ്രധാനപ്പെട്ട 13 മേഖലകളും നേട്ടത്തിലാണ്.
ഊർജം, പൊതുമേഖല ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായി നേട്ടമുണ്ടാക്കുന്നത്. ഏഴാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ശനിയാഴ്ച രാത്രി പുറത്തുവന്ന 12 എക്സിറ്റ് പോൾ ഫലങ്ങളും എൻഡിഎ സർക്കാർ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറുമെന്നാണ് പ്രവചിച്ചത്.