CMDRF

സെൻസെക്‌സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തിൽ

സെൻസെക്‌സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തിൽ
സെൻസെക്‌സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തിൽ

മുംബൈ: റെക്കോഡ് നേട്ടത്തിൽ വ്യാപാരം ആരംഭിച്ച് ഇന്ത്യൻ ഓഹരി വിപണികൾ. ദേശീയ സൂചിക നിഫ്റ്റി 108.45 പോയിന്റ് നേട്ടത്തോടെ 24,943.30ത്തിലാണ് വ്യാപാരം ആരംഭിച്ചത്. 0.44 ശതമാനം നേട്ടമാണ് നിഫ്റ്റിക്ക് ഉണ്ടായത്. സെൻസെക്സ് 346.93 പോയിന്റ് നേട്ടത്തോടെ 81,679ലാണ് വ്യാപാരം തുടങ്ങിയത്. അന്താരാഷ്ട്ര വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വിപണികൾ നേട്ടത്തിലായത്.

നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോൾ ക്യാപ്, നിഫ്റ്റി നെക്സ്റ്റ് 50 എന്നിവയെല്ലാം നേട്ടത്തിലാണ്. നിഫ്റ്റിയിൽ എൻ.ടി.പി.സി, ബി.പി.സി.എൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഡസ്‍ലാൻഡ് ബാങ്ക് എന്നിവയെല്ലാം നേട്ടത്തിലാണ്. ഡോ.റെഡ്ഡി ലബോറട്ടറീസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ടൈറ്റാൻ, പവർ ഗ്രിഡ്, ഭാരതി എയർടെൽ എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ പ്രധാന ഓഹരികൾ. ബജറ്റിന് ശേഷമുണ്ടായ നഷ്ടത്തിൽ നിന്നും ഓഹരി വിപണികൾ വെള്ളിയാഴ്ചയാണ് കരകയറിയത്.

തുടർച്ചയായ അഞ്ച് ദിവസം നഷ്ടം രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു ഓഹരി വിപണികളുടെ മുന്നേറ്റം. അന്താരാഷ്ട്രതലത്തിൽ ജപ്പാന്റെ നിക്കിയും ടോപിക്സും 2.02 ശതമാനവും 1.52 ശതമാനവും നേട്ടം രേഖപ്പെടുത്തി. ദക്ഷിണകൊറിയയുടെ കൊസ്പി, കൊസ്ഡാക്ക് എന്നിവയിലും നേട്ടമുണ്ടായി. യു.എസ് ഓഹരി വിപണികളും വെള്ളിയാഴ്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ​ജോൺസ് 1.64 ശതമാനവും നാസ്ഡാക് 1.03 ശതമാനവും ഉയർന്നു.

Top