ന്യൂയോര്‍ക്ക്: ബൈഡനെതിരെയും ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഡൊണാള്‍ഡ് ട്രംപ്. ടെസ്ല സിഇഒയും ഏക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌കുമായുള്ള അഭിമുഖത്തിലായിരുന്നു ട്രംപ് ആരോപണങ്ങള്‍ അഴിച്ചുവിട്ടത്. എക്സില്‍ തത്സമയം സംപ്രേഷണം ചെയ്ത അഭിമുഖം സാങ്കേതിക തകരാറുകളാല്‍ 40 മിനിറ്റോളം വൈകിയാണ് തുടങ്ങിയത്. ബൈഡനെ ആദ്യ സംവാദത്തില്‍ തന്നെ തറപറ്റിച്ചുവെന്നും അതിന് ശേഷം ഡെമോക്രറ്റിക്ക് പാര്‍ട്ടിയില്‍ കമല ഹാരിസിന് വേണ്ടി അട്ടിമറി നടന്നുവെന്നും ആരോപിച്ചാണ് ട്രംപ് അഭിമുഖം തുടങ്ങിയത്. ഇലോണ്‍ മസ്‌കുമായുള്ള സംഭാഷണത്തിനിടെ തനിക്കെതിരെ കഴിഞ്ഞ മാസം പെന്‍സില്‍വാനിയയിലെ ബട്ലറില്‍ നടന്ന വധശ്രമത്തെ കുറിച്ചും ട്രംപ് വിശദീകരിച്ചു. ‘അത്ഭുതകരമായ രക്ഷപ്പെടല്‍’ എന്നാണ് ട്രംപ് ആക്രമണത്തെ വിശേഷിപ്പിച്ചത്. ‘അതൊരു ബുള്ളറ്റാണെന്ന് എനിക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. പക്ഷെ അമേരിക്കന്‍ ജനതയ്ക്ക് വേണ്ടി കൂടിയാണ് ഞാന്‍ അത് ഏറ്റുവാങ്ങിയത്’, ട്രംപ് കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ വധശ്രമം നടന്ന ബട്ലറിലേക്ക് ഒക്ടോബറില്‍ തിരിച്ചുപോകുമെന്നും ട്രംപ് ഇലോണ്‍ മസ്‌കിനോട് പറഞ്ഞു.
അമേരിക്കയിലേക്കുള്ള വ്യാപക കുടിയേറ്റത്തെ വിമര്‍ശിച്ച ട്രംപ് ബൈഡനെ ‘അതിര്‍ത്തി രാജാവെന്ന്’ ആക്ഷേപിച്ചു. താന്‍ അധികാരത്തിലെത്തിയാല്‍ അമേരിക്കയില്‍ അനധികൃതമായി കുടിയേറിയവരെ നാടുകടത്തുമെന്നും അമേരിക്കയിലെ പരമ്പാരാഗത തദ്ദേശവാസികള്‍ക്ക് സൈ്വര്യ ജീവിതം ഉറപ്പ് വരുത്തുമെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് ബൈഡന് സീറോ ഐക്യൂവാണെന്ന് പറഞ്ഞ ട്രംപ് താന്‍ അധികാരത്തില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ റഷ്യ-യുക്രൈയ്ന്‍ യുദ്ധം സംഭവിക്കില്ലായിരുന്നുവെന്നും അവകാശപ്പെട്ടു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പണപെരുപ്പത്തിലേക്കാണ് ബൈഡന്‍ അമേരിക്കന്‍ ജനതയെ തള്ളിവിട്ടതെന്നും ട്രംപ് വിമര്‍ശിച്ചു. ട്രംപ് അധികാരത്തിലെത്തിയാല്‍ സാങ്കേതികമായ എല്ലാ സഹായങ്ങളും എലോണ്‍ മാസ്‌ക് വാഗ്ദാനം ചെയ്തു. അമേരിക്കയുടെ വികസനത്തിന് വേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്ന പരസ്പര ഉറപ്പിലാണ് രണ്ട് മണിക്കൂറോളം നീണ്ട അഭിമുഖം അവസാനിച്ചത്. രണ്ട് മണിക്കൂര്‍ നീണ്ട ഈ അഭിമുഖം ഒന്നര ദശ ലക്ഷം ആളുകളാണ് തത്സമയം കണ്ടതെന്ന് എക്‌സ് അവകാശപ്പെട്ടു. എക്സിലെ എല്ലാ റെക്കോര്‍ഡുകളും തിരുത്തിയ നൂറ്റാണ്ടിലെ അഭിമുഖമെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.