CMDRF

ഇരുമ്പന്‍ പുളിയുടെ ഏഴ് ഗുണങ്ങള്‍

ഇരുമ്പന്‍ പുളിയുടെ ഏഴ് ഗുണങ്ങള്‍
ഇരുമ്പന്‍ പുളിയുടെ ഏഴ് ഗുണങ്ങള്‍

മ്മുടെയെല്ലാം വീടുകളില്‍ ഉള്ളതും എന്നാല്‍ നമ്മളില്‍ പലരും അധികം ഉപയോഗിക്കാത്തതുമായ ഫലമാണ് ഇരുമ്പന്‍ പുളി. പുളിയും ചവര്‍പ്പും അധികമായതിനാല്‍ ഒട്ടുമിക്ക ആളുകളും ഇരുമ്പന്‍ പുളി ഉപയോഗിക്കാറില്ല. ഇലുംബിക്ക, പുളിഞ്ചിക്ക തുടങ്ങിയ പേരിലൊക്കെ അറിയപ്പെടുന്ന ഇലുമ്പി പുളി. കാലഭേദമില്ലാതെ എല്ലായ്‌പ്പോഴും ഈ മരത്തില്‍ നല്ല രീതിയില്‍ ഫലങ്ങള്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഉണ്ടാകുന്നവയില്‍ കൂടുതലും പാഴായി പോകാറാണ് പതിവ് , അച്ചാര്‍ ആയും ജ്യൂസ് ആയും മാത്രം ഉപയോഗിക്കുന്ന ഇരുമ്പന്‍ പുളി ആരോഗ്യദായകം ആണെന്ന് ഒട്ടുമിക്കപേരും അറിയുന്നില്ല. ഇതിന്റെ വിത്തുകളും പൂക്കളുമെല്ലാം ഒട്ടേറെ ഔഷധഗുണങ്ങള്‍ ഉള്ളവയാണ്. ഒരു ഇലുമ്പിപ്പുളി മരത്തിന് പരമാവധി 10 മീറ്റര്‍ ഉയരമുണ്ടാകും. മണ്ണിന്റെ ഫലപുഷ്ടി അനുസരിച്ച് അനേകകാലം ഇത് നിലനില്‍ക്കും. പൂത്തുനില്‍ക്കുമ്പോള്‍ ചുവന്നതും പര്‍പ്പിള്‍ നിറമുള്ളതുമായ പൂക്കള്‍ വിടര്‍ത്തും ഈ മരം. ഒടുവിലിവ മഞ്ഞ-പച്ച നിറമുള്ള പഴങ്ങളായി മാറുന്നു. നേര്‍ത്ത ഘടനയുള്ള ഈ പഴത്തിന് വ്യക്തമായ പുളിപ്പും ചവര്‍പ്പും കലര്‍ന്ന ഒരു രുചിയാണുള്ളത്. പഴങ്ങളുടെ ഉള്ളിലായി തവിട്ട് നിറമുള്ള ചെറിയ വിത്തുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പഴുത്തു കഴിയുമ്പോള്‍ അവ പൂര്‍ണ്ണമായും മൃദുവായി മാറും. പഴങ്ങള്‍ കൂടാതെ, ഇലുമ്പി പുളി വൃക്ഷത്തിന്റെ വിത്തുകള്‍ക്കും പൂക്കള്‍ക്കുമെല്ലാം കാര്യമായ ഔഷധ ചികിത്സാ മൂല്യങ്ങളുണ്ടെന്ന് പറയപ്പെടുന്നു. അവ പലതരം ഔഷധ മരുന്നുകള്‍ തയ്യാറാക്കാന്‍ വേണ്ടി ഉപയോഗിക്കാറുണ്ട്.

തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പരിതസ്ഥിതികളില്‍ വ്യാപകമായി വളരുന്ന ഒന്നാണ് ഇലുമ്പി പുളി വൃക്ഷം. ബംബ്ലിംഗ് പ്ലം, അച്ചാര്‍ പഴം, എന്നിവയുള്‍പ്പെടെ നിരവധി പേരുകളില്‍ ലോകമെമ്പാടും അറിയപ്പെടുന്നു ഈ കുഞ്ഞന്‍ ഫലം. അവെര്‍ഹോവ ബിലിംബി എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. വീട്ടിലെ മീന്‍കറി അടക്കമുള്ള പലതരം കറികളിലും സൂപ്പുകളിലും ഒക്കെ സ്വാദ് പകരാനായി പണ്ടു മുതല്‍ക്കേ ഇത് നമ്മള്‍ ഉപയോഗിച്ചുവരുന്നു. വ്യത്യസ്തമായ രുചിയും സുഗന്ധവും കൂടാതെ ഒട്ടനവധി ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. നമ്മുടെ ശരീരത്തിലെ പ്രമേഹത്തെ നിയന്ത്രിക്കാനും, രക്താതിമര്‍ദ്ദം ചികിത്സിക്കാനും, അസ്ഥികളെ ശക്തിപ്പെടുത്താനും ചുമയും ജലദോഷവും പോലുള്ള രോഗങ്ങളെ പൂര്‍ണമായും അകറ്റിനിര്‍ത്താനുമായി ഇലുമ്പി പുളി ഏറ്റവും സഹായകരമാണ് എന്ന് പറയപ്പെടുന്നു.ഇലുമ്പി പുളിയില്‍ ആരോഗ്യത്തെ മികച്ച രീതിയില്‍ സ്വാധീനിക്കുന്ന പോഷക ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ശാരീരിക ആരോഗ്യത്തിന്റെ അടിസ്ഥാന അവശ്യ ഘടകങ്ങളായ കാര്‍ബോഹൈഡ്രേറ്റ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവയ്ക്ക് പുറമേ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി , കാല്‍സ്യം, ഇരുമ്പ്, ഫ്‌ലേവനോയ്ഡുകള്‍, ടാന്നിന്‍സ്, ടെര്‍പെന്‍സ് എന്നിവയും ഇതില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യ ക്ഷേമത്തില്‍ അതിശയകരമായ പങ്ക് വഹിക്കാന്‍ ഈയൊരു പഴത്തിന് സാധിക്കും.അതിശയകരമായതും ആരോഗ്യ ക്ഷേമത്തിന് സഹായമരുളുന്നതുമായ ഗുണങ്ങള്‍ കാരണം അമേരിക്ക, ഓസ്ട്രേലിയ, തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള പല പ്രദേശങ്ങളിലും ഇന്ന് ഇലുമ്പി പുളി ഫലങ്ങള്‍ കൃഷി ചെയ്യാന്‍ തുടങ്ങിയിരുന്നു.

ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ നിരീക്ഷിച്ചുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള വിലയേറിയ ഗുണങ്ങള്‍ ഇലുമ്പി പുളിയിലുണ്ട്. നമ്മള്‍ നിത്യവും കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്നും രക്തത്തിലേക്ക് എത്തിച്ചേരുന്ന ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ഇതിലെ ഫ്‌ലേവനോയിഡുകളും നാരുകളുമെല്ലാം സഹായിക്കും. ഈയൊരു കാരണം കൊണ്ട് തന്നെയാണ് പണ്ടുമുതല്‍ക്കേ ആയുര്‍വേദ ചികിത്സാവിധികളില്‍ പ്രമേഹ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ ശേഷിയുള്ള മരുന്നുകളില്‍ ഒന്നായി ഇതിനെ കണക്കാക്കിയിരിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ രക്താതിമര്‍ദ്ദം കുറയ്ക്കുന്നതിനുള്ള അത്ഭുതകരമായ പ്രകൃതിദത്ത പരിഹാരമായി ഇലുമ്പി പുളി അറിയപ്പെടുന്നു. ഈ പഴത്തിലെ ആന്റി ഓക്സിഡന്റുകളുടെയും പ്രോട്ടീനുകളുടെയും സാന്നിധ്യം രക്തസമ്മര്‍ദ്ദത്തിന് പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ കുറച്ചു കൊണ്ടുവരുന്നതിന് സഹായിക്കും. ഇലുമ്പി പുളി ചൂടുവെള്ളത്തിലിട്ട് തിളപ്പിച്ച കഷായം പതിവായി കഴിക്കുന്നത് രക്തക്കുഴലുകളില്‍ ഉയര്‍ന്ന മര്‍ദ്ദം കുറച്ചുകൊണ്ട് ധമനികള്‍, ഞരമ്പുകള്‍, ഹൃദയ അറകള്‍ തുടങ്ങിയവയെ ആരോഗ്യകരമാം വിധം പ്രവര്‍ത്തന സജ്ജമാക്കാന്‍ വഴിയൊരുക്കുന്നു.

ടാന്നിന്‍സ്, ടെര്‍പെന്‍സ് എന്നീ ശക്തമായ ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ ഇലുമ്പി പുളിയില്‍ അടങ്ങിയിരിക്കുന്നു. മലദ്വാരം, മലാശയം എന്നീ ഭാഗങ്ങളിലെ ഞരമ്പുകളില്‍ ഉണ്ടാവുന്ന വീക്കം കുറയ്ക്കാന്‍ ഇവ നിങ്ങളെ സഹായിക്കും. മൂലക്കുരുവിനുള്ള ഏറ്റവും നല്ല പ്രകൃതിദത്ത പരിഹാരമാര്‍ഗമാണ് ഇതെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ഈ ഫലവും അതിന്റെ ഇലകളും ശുപാര്‍ശ ചെയ്യുന്നു. ബാധിത പ്രദേശത്ത് ഇതിന്റെ സത്തകള്‍ പുരട്ടുന്നത് വഴി മൂലക്കുരുവിനെ ചികിത്സിക്കുകയും വേദന, വീക്കം, രക്തസ്രാവം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.

ഇലുമ്പി പുളിയില്‍ വിറ്റാമിന്‍ സി ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിന് മികച്ച നേട്ടങ്ങള്‍ നേടിത്തരാന്‍ സഹായിക്കും. കാലാനുസൃതമായ മാറ്റങ്ങള്‍ മൂലം ശരീരത്തില്‍ ഉണ്ടാവുന്ന അലര്‍ജികളും പ്രതികരണം തടയാന്‍ ഇത് മികച്ചതാണ്. ചുമയും ജലദോഷവും അടക്കമുള്ള ഒട്ടുമിക്ക ആരോഗ്യപ്രശ്‌നങ്ങളും അകറ്റി നിര്‍ത്തിക്കൊണ്ട് ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ഇത് ശക്തിപ്പെടുത്തുന്നു. അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കുകയും ഘടനാപരമായ സമഗ്രത നിലനിര്‍ത്തുന്നതിനും ആവശ്യമായ കാത്സ്യം നല്‍കാന്‍ ഇലുമ്പി പുളി സഹായിക്കുന്നു. ഇലുമ്പി പുളി ഉണക്കിയെടുത്ത രൂപത്തില്‍ കഴിക്കുന്നതും ഇതിന്റെ സത്തകള്‍ കറികളിലും സൂപ്പുകളിലും ഒക്കെ ചേര്‍ക്കുന്നതും അല്ലെങ്കില്‍ അച്ചാറിട്ട് കഴിക്കുന്നതും എല്ലാം നിങ്ങളുടെ അസ്ഥികളെ ബലമുള്ളതും കരുത്തുറ്റതുമാക്കുന്നു.

Top