അഹമ്മദാബാദ്: ഗുജറാത്തിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജയ്‌ദേവ് ഗോഹിൽ (23), ഭാര്യ സരസ്വതി (21), ബന്ധു വിവേക് ഗണപത് ഗോഹിൽ (16), ഹൻഷ അരവിന്ദ് ജാദവ് (35), മകൾ സന്ധ്യാബെൻ ജാദവ് (11), മിതാൽബെൻ ജാദവ് (40), കീർത്തിബെൻ (6) എന്നിവരാണ് മരിച്ചത്.
ബറൂച്ച് ജില്ലയിലെ മംഗഡ് ഗ്രാമത്തിലാണ് ദാരുണ അപകടമുണ്ടായത്. ക്ഷേത്രത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അപകടം. ഇരുട്ടായതിനാൽ കാർ ഡ്രൈവർ ട്രക്ക് കണ്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ട്രക്ക് ഡ്രൈവറും ക്ലീനറും പഞ്ചറായ ടയർ മാറ്റുന്നതിനിടെയാണ് കാർ പാഞ്ഞുകയറിയത്. എന്നാൽ ടയർ മാറ്റാൻ നിർത്തിയ ട്രക്കിൻറെ മുൻവശത്തോ പിൻവശത്തോ സൈൻ ബോർഡുകൾ ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപകട സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ട്രക്ക് ഡ്രൈവറേയും സഹായിയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവർക്കെതിരെ ഭാരതീയ ന്യായ് സൻഹിതയിലെ സെക്ഷൻ 285 (അശ്രദ്ധമായ പെരുമാറ്റം), 125 (എ) (മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തൽ), 125 (ബി) എന്നിവ പ്രകാരവും വാഹന നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരവും ജംബുസർ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, പരിക്കേറ്റവർ വഡോദരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.