ലഖ്നൗ: ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍ തള്ളിക്കളയാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. പോക്സോ കേസില്‍ പ്രതിയായ സഞ്ജീവ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് കോടതി നടപടിക്രമങ്ങളിലേക്ക് കടന്നു കഴിഞ്ഞാല്‍ പ്രതിയും വാദിയും തമ്മിലുള്ള ഒത്തുതീര്‍പ്പ് പ്രസക്തമല്ലെന്നും നടപടിക്രമങ്ങള്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് സമിത് ഗോപാലിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ച് വ്യക്തമാക്കി.
മൈനര്‍ ആയ ഇര പിന്നീട് പ്രതിയുമായി ഒത്തുതീര്‍പ്പില്‍ ഏര്‍പ്പെടുന്നത് പോക്സോ നിയമപ്രകാരമുള്ള നടപടികള്‍ റദ്ദാക്കുന്നതിന് അപര്യാപ്തമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരെ അസംഗഢിലെ പോക്സോ പ്രത്യേക ജഡ്ജിക്ക് മുമ്പാകെ നടക്കുന്ന ക്രിമിനല്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. സെക്ഷന്‍ 376 (ബലാത്സംഗം), 313 (സ്ത്രീകളുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍) കൂടാതെ ഐപിസിയുടെ മറ്റ് വകുപ്പുകളും പോക്സോ നിയമത്തിലെ 3/4 വകുപ്പുകളും പ്രകാരം അസംഗഢ് ജില്ലയിലെ ബിലാരിഗഞ്ച് പൊലീസ് സ്റ്റേഷനില്‍ നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കണമെന്നും ഇരയുമായി ഒത്തുതീര്‍പ്പിലായെന്നും ചൂണ്ടിക്കാട്ടി പ്രതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
2014 ലെ സുപ്രീം കോടതിയുടെ വിധിന്യായം പരാമര്‍ശിച്ചായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. കൊലപാതകം, ബലാത്സംഗം, കൊള്ള മുതലായ ഹീനവും ഗുരുതരവുമായ കുറ്റകൃത്യങ്ങളില്‍ ഒത്തുതീര്‍പ്പ് പോംവഴിയല്ല. ഇത്തരം കുറ്റകൃത്യങ്ങളെ വ്യക്തിപരമായ ഒന്നായി കാണാനാവില്ല. സമൂഹത്തില്‍ ഗുരുതരമായ സ്വാധീനം ചെലുത്തുന്ന കൃറ്റകൃത്യങ്ങളാണിവയെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് സമിത് ഗോപാല്‍ വ്യക്തമാക്കി.