CMDRF

കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; പ്രതിഷേധത്തിന് പിന്നാലെ ഇൻ്റർനെറ്റ് നിരോധനം

കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; പ്രതിഷേധത്തിന് പിന്നാലെ ഇൻ്റർനെറ്റ് നിരോധനം
കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; പ്രതിഷേധത്തിന് പിന്നാലെ ഇൻ്റർനെറ്റ് നിരോധനം

മുംബൈ: മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ പ്രീപ്രൈമറി ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികൾക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതിഷേധം ശക്തം. സംഭവത്തിന് പിന്നാലെ അധികൃതർ പ്രദേശത്ത് ഇൻ്റർനെറ്റ് സേവനം റദ്ദാക്കി. നേരത്തെ റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് പ്രതിഷേധക്കാരെ പിരിച്ച് വിടുന്നതിനായി ലാത്തിച്ചാർജ്ജും നടത്തിയിരുന്നു.

ഇതിനിടെ പോക്‌സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസ് വേഗത്തിലാക്കാനും ബലാത്സംഗശ്രമം ഉൾപ്പെടുത്താനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നിർദേശം നൽകി. അന്വേഷണം കാര്യക്ഷമമാക്കാൻ ആരതി സിംഗിൻ്റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചിട്ടുണ്ട്.സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് ശക്തമായ ക്രിമിനൽ നിയമം വേണമെന്ന് രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ഇക്കാര്യം അന്വേഷിക്കാൻ ഒരു സംഘത്തെ താനെയിലേക്ക് അയക്കുമെന്ന് അറിയിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചോദ്യം ചെയ്തു.

നേരത്തെ സംഭവത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞത് സംഘർഷത്തിൽ കലാശിച്ചിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാനും പ്രതിഷേധക്കാരെ പിരിച്ചുവിടാനും അധികാരികൾ ശ്രമിച്ചെങ്കിലും ജനക്കൂട്ടം പിരിഞ്ഞു പോകാൻ തയ്യാറായിരുന്നില്ല. ആഗസ്റ്റ് 17 നാണ് മൂന്നും നാലും വയസ്സുള്ള പ്രീപ്രൈമറി ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളെ സ്ഥാപനത്തിലെ തൂപ്പുകാരൻ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം ഉയർന്നത്. ഇതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. കിൻ്റർഗാർഡനിലെ ടോയ്‌ലറ്റിൽ വെച്ചാണ് കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരകളായത്.

സംഭവത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ സ്കൂളിൽ എത്തുകയും സ്കൂളിലെ ബെഞ്ചുകളും വാതിലുകളും തകർക്കുകയുമായിരുന്നു. പിന്നാലെ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു.

Top