ന്യൂഡൽഹി: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ പ്രീ-പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് വയസ്സുള്ള രണ്ട് പെൺകുട്ടികളെ ക്ലീനിംഗ് ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കുട്ടികളുടെ രക്ഷിതാക്കൾക്ക് പൊലീസ് സ്റ്റേഷനിൽ കാത്തുനിൽക്കേണ്ടി വന്നത് 11 മണിക്കൂർ. സംഭവത്തിൽ കേസെടുക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആഗസ്റ്റ് 13ന് നടന്ന സംഭവത്തിൽ ആഗസ്റ്റ് 16നാണ് പൊലീസ് കേസെടുത്തത്. കേസെടുക്കുന്നതിനായി പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് 11 മണിക്കൂർ പൊലീസ് സ്റ്റേഷനിൽ കാത്തുനിൽക്കേണ്ടതായും വന്നു. മൂന്നും നാലും വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായിട്ടും ഇക്കാര്യത്തിൽ പരാതി നൽകാൻ അവരുടെ രക്ഷിതാക്കൾക്ക് 11 മണിക്കൂറാണ് പൊലീസ് സ്റ്റേഷനിൽ കാത്തുനിൽക്കേണ്ടി വന്നത്. താൻ ഇക്കാര്യം പൊലീസ് കമീഷണറുമായി സംസാരിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന വനിത പൊലീസ് ഓഫീസറാണ് കേസെടുക്കാൻ വൈകിയതിന് ഉത്തരവാദി. അവരെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വാദേത്തിവാർ ആരോപിച്ചു.
ഓഗസ്റ്റ് 12-13 തീയതികളിൽ പെൺകുട്ടികൾ ടോയ്‌ലറ്റ് ഉപയോഗിക്കാൻ പോയ സമയത്താണ് ആക്രമണം നടന്നത്. രണ്ട് പെൺകുട്ടികളും തങ്ങൾക്ക് സംഭവിച്ചതിനെ തുടർന്ന് ഭയന്ന് സ്‌കൂളിൽ പോകാൻ വിസമ്മതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം ചോദിച്ചറിഞ്ഞ രക്ഷിതാക്കൾ സ്‌കൂളിൽ നടന്ന ലൈംഗികാതിക്രമത്തെ കുറിച്ച് പറഞ്ഞു.
പ്രതിയായ അക്ഷയ് ഷിൻഡെയെ കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച രാത്രി പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവദിവസം സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ലെന്ന് സ്‌കൂൾ അധികൃതർ അന്വേഷണത്തിൽ പാെലീസിനോട് പറഞ്ഞു.