ബംഗളൂരു: ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടിയുടെ കോർ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഹാസനിൽ നിന്നുള്ള എംപിയാണ് പ്രജ്വൽ. നിരവധി സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുകയും, പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രജ്വൽ രേവണ്ണക്കെതിരായ പരാതി.
പീഡന ദൃശ്യങ്ങളിൽ ചിലത് രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നതോടെ പ്രത്യേക സംഘത്തെ നിയോഗിച്ച് കർണാടക സർക്കാർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് രംഗത്ത് കർണാടകയിൽ കോൺഗ്രസിന്റെ പ്രധാന പ്രചാരണ ആയുധവുമാണ് പ്രജ്വലിന്റെ വീഡിയോ വിവാദം. ഈ പശ്ചാത്തലത്തിൽ തിരിച്ചടി മുന്നിൽ കണ്ട് മുഖം രക്ഷിക്കാനാണ് ജെഡിഎസിന്റെ ശ്രമം.
അന്വേഷണം തീരും വരെ പ്രജ്വലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനാണ് ഹുബ്ബള്ളിയിൽ ചേർന്ന കോർ കമ്മിറ്റി യോഗം തീരുമാനിച്ചത്. എസ്‌ഐടി അന്വേഷണത്തെയും ജെഡിഎസ് സ്വാഗതം ചെയ്തു. അതേസമയം സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കർണാടക ഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം.