മനില: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍, മനുഷ്യക്കടത്ത് തുടങ്ങി നിരവധി കേസുകളില്‍ ഫിലിപ്പീന്‍സിലെ പ്രമുഖ പാസ്റ്റര്‍ അറസ്റ്റില്‍. ‘കിംഗ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്’ സ്ഥാപകനായ അപ്പോളോ ക്വിബ്ലോയി (74) ആണ് അറസ്റ്റിലായത്. രണ്ടാഴ്ചയിലേറെ നീണ്ട പോലീസ് നീക്കത്തിനൊടുവില്‍ ഞായറാഴ്ച ദാവോയില്‍ നിന്ന് സിനിമയെ വെല്ലുന്ന രീതിയില്‍ അതിസാഹസികമായാണ് അപ്പോളോ ക്വിബ്ലോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ട ക്രിമിനലാണ് അപ്പോളോ ക്വിബ്ലോയി. 12 മുതല്‍ 25 വരെ പ്രായമുള്ള പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോകുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു എന്നാണ് അപ്പോളോയ്ക്ക് എതിരെയുള്ള കേസ്.
Also Read: മാനസിക വെല്ലുവിളി നേരിടുന്ന 22 കാരി ആറ് മാസം ഗർഭിണി
അപ്പോളോ ക്വിബ്ലോയി പെണ്‍കുട്ടികളെ തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി നിയമിക്കുകയും പിന്നീട് ഇവരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണം പാകംചെയ്തു നല്‍കുക, ശരീരം തിരുമ്മുക, മറ്റുസഹായങ്ങള്‍ ചെയ്യുക എന്നിവയായിരുന്നു പ്രധാന ജോലി. ഇതിന് പുറമെ ലൈംഗിക പീഡനത്തിനും ഇരയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘നൈറ്റ് ഡ്യൂട്ടി’ എന്ന പേരിലാണ് പെണ്‍കുട്ടികളെ ഇയാള്‍ രാത്രികളില്‍ ഉപദ്രവിച്ചിരുന്നത്.