ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണ തിരിച്ചെത്തുക 13 ന് ശേഷമെന്ന് സൂചന

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണ തിരിച്ചെത്തുക 13 ന് ശേഷമെന്ന് സൂചന
ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണ തിരിച്ചെത്തുക 13 ന് ശേഷമെന്ന് സൂചന

ഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ പ്രതിയായ എന്‍ഡിഎ സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണ നാട്ടില്‍ തിരിച്ചെത്തുക 13 ന് ശേഷമെന്ന് വിവരം. നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷമേ പ്രജ്വല്‍ നാട്ടില്‍ എത്തൂ എന്നും വിവരമുണ്ട്. ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവും. കേസ് വരുമെന്ന് കണ്ടപ്പോള്‍ കര്‍ണാടകയിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വലിനെതിരെ ഇന്നലെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു.

പ്രജ്വലിന് എതിരെ പുതിയ എഫ്‌ഐആര്‍ തയ്യാറാക്കിയിട്ടുണ്ട്. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിഐഡി സൈബര്‍ സെല്‍ ആണ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി എന്നതാണ് കേസ്. കര്‍ണാടകയില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ച ശേഷം മാത്രം തിരിച്ചെത്തിയാല്‍ മതിയെന്നായിരുന്നു പ്രജ്വലിനോട് ദേവഗൗഡ നിര്‍ദേശം നല്‍കിയത്. പ്രജ്വല്‍ തിരിച്ചെത്തിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ ബെംഗളുരു, മംഗളുരു വിമാനത്താവളങ്ങളില്‍ എസ്‌ഐടി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രജ്വലിന്റെ മുന്‍ ഡ്രൈവറായ കാര്‍ത്തിക് റെഡ്ഡി ദൃശ്യങ്ങള്‍ ചോര്‍ത്തിയ ശേഷം ഇത് കൈമാറിയ ബിജെപി നേതാവ് ദേവരാജഗൗഡ കര്‍ണാടക പൊലീസിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. ഡി കെ ശിവകുമാറിന് ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പങ്കുണ്ടെന്നും ഇത് പറയാന്‍ തന്നെ പൊലീസ് അനുവദിക്കുന്നില്ലെന്നുമാണ് ദേവരാജഗൗഡയുടെ ആരോപണം. എന്നാല്‍ തനിക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേല്‍ക്കുമെന്നുറപ്പായപ്പോള്‍ ദേവരാജഗൗഡയെ ഉപയോഗിച്ച് ബിജെപി വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് ഡി കെ ശിവകുമാറും പ്രതികരിച്ചു.

Top