ലൈംഗിക പീഡന പരാതി; പ്രജ്വല്‍ എത്തുന്നത് ഫലപ്രഖ്യാപനശേഷം

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ എത്തുന്നത് ഫലപ്രഖ്യാപനശേഷം
ലൈംഗിക പീഡന പരാതി; പ്രജ്വല്‍ എത്തുന്നത് ഫലപ്രഖ്യാപനശേഷം

ബെംഗളൂരു: ലൈംഗിക പീഡന പരാതിയില്‍ പ്രതിയായ എന്‍ഡിഎ സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണ നാട്ടില്‍ തിരിച്ചെത്തുക
ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷം എന്ന് സൂചന. എംപിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ജര്‍മനിയിലേക്കു പോകാന്‍ പദ്ധതിയിട്ടെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസും പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രജ്വലിന്റെ പീഡനത്തിന് ഇരയായ യുവതിയെ പിതാവ് എച്ച്.ഡി.രേവണ്ണ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ 4 പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. രേവണ്ണയുടെ അടുത്ത അനുയായി സതീഷ് ബാബണ്ണ നേരത്തെ അറസ്റ്റിലായിരുന്നു. പാരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലുള്ള രേവണ്ണയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി 13ന് പരിഗണിക്കാനായി മാറ്റി.

അശ്ലീല വിഡിയോകള്‍ പ്രചരിപ്പിച്ച കേസില്‍ എംപിയുടെ മുന്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 4 പേര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹാസന്‍ സെഷന്‍സ് കോടതി തള്ളി. പ്രജ്വലിന്റെ ഫോണില്‍ നിന്ന് വിഡിയോകള്‍ ചോര്‍ത്തിയെന്നു സംശയിക്കുന്ന കാര്‍ത്തിക് മലേഷ്യയിലേക്ക് കടന്നിരുന്നു.

ഇതിനിടെ, കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.എന്‍.ജഗദീശ രാജിവച്ചു.മുതിര്‍ന്ന അഭിഭാഷകരെ അഡീഷനല്‍ എസ്പിപിമാരായി സര്‍ക്കാര്‍ നിയമിച്ചതിനു പിന്നാലെ ജഗദീശയെ നീക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദള്‍ നേതൃത്വം ഗവര്‍ണര്‍ക്കു പരാതി നല്‍കി.

Top