ചെന്നൈ: തമിഴ് ടിവി ഷോ മേഖലയിലും ലൈംഗികോപദ്രവങ്ങൾ നടക്കുന്നുവെന്ന വെളിപ്പെടുത്തലുമായി നടിയും സീരിയിൽ നിർമാതാവുമായ കുട്ടി പത്മിനി. ലൈംഗികോപദ്രവം കാരണം നിരവധി സ്ത്രീകൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും പിന്നാലെ മലയാള സിനിമാ മേഖലയിൽ നിന്നുമുയരുന്ന ലൈംഗികാരോപണ പരാതിയുടെയും പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു കുട്ടി പത്മിനി. ബാലതാരമായിരിക്കുമ്പോൾ തനിക്ക് ലൈംഗികോപദ്രവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. തന്റെ അമ്മ പ്രശ്‌നമുയർത്തിയപ്പോൾ ഹിന്ദി സിനിമാ മേഖലയിൽ നിന്നും പുറത്താക്കിയെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പത്മിനി കൂട്ടിച്ചേർത്തു.
ലൈംഗികാരോപണത്തിന് പിന്നാലെ ഗായിക ചിന്മയിക്കും നടൻ ശ്രീ റെഡ്ഢിക്കുമെതിരെ തമിഴ് മേഖലയിലെ നിരോധനത്തിൽ തനിക്ക് വലിയ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. പരാതി നൽകിയാൽ മേഖലയിൽ നിന്ന് നിരോധനം നേരിടുമെന്നും ഇരുവരെയും ഉദ്ധരിച്ച് പത്മിനി പറയുന്നു.
Also read: മുകേഷ് സമർപ്പിച്ച തെളിവുകൾ നിഷേധിച്ച് പരാതിക്കാരി
വിശദാംശങ്ങൾ ചുവടെ:
‘ഡോക്ടർ, ഐടി തുടങ്ങി മറ്റ് ജോലി പോലെ തന്നെയാണ് ഈ ജോലിയും. പിന്നെ എന്തുകൊണ്ടാണ് ഈ മേഖല മാത്രം മാംസക്കച്ചവടത്തിന്റേതാകുന്നത്? ഇത് വലിയ തെറ്റാണ്. ടിവി സീരിയലുകളിലെ വനിതകളോട് സംവിധായകരും ടെക്‌നീഷ്യൻമാരും ലൈംഗികാവശ്യങ്ങൾ മുന്നോട്ട് വെക്കുന്നു. ലൈംഗികോപദ്രവങ്ങൾ തെളിയിക്കാൻ സാധിക്കാത്തതിനാൽ പല സത്രീകളും പരാതി നൽകുന്നില്ല. ചില സ്ത്രീകൾ ഇത് സഹിക്കുന്നു,’ അവർ പറഞ്ഞു.
തമിഴ് സിനിമയിലെ ലൈംഗികോപദ്രവ ആരോപണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ വലിയ പുരോഗതികൾ ഉണ്ടാകുന്നില്ലെന്നും പത്മിനി കൂട്ടിച്ചേർത്തു. സുരേഷ് ഗോപി തെളിവെവിടെയെന്ന് ചോദിച്ചുവെന്ന് താൻ വായിച്ചുവെന്നും എങ്ങനെയാണ് ഇവയ്ക്ക് തെളിവ് നൽകുകയെന്നും അവർ ചോദിക്കുന്നു. സിബിഐ ചെയ്യുന്നത് പോലെയുള്ള നുണപരിശോധനകൾ നടത്താമെന്നും പത്മിനി പറഞ്ഞു. എന്നാൽ തമിഴ് സിനിമാ മേഖലയിൽ നിന്ന് ലൈംഗികോപദ്രവത്തെക്കുറിച്ചുള്ള പരാതികൾ ലഭിച്ചിട്ടില്ലെന്ന് മന്ത്രി സ്വാമിനാഥൻ പറഞ്ഞു.