മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാമെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. ഇത്തരം അവസരങ്ങളില്‍ നിയമപരിരക്ഷ നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെ 10 വര്‍ഷത്തെ കഠിന തടവിന് വിധിച്ച കീഴ്‌കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ഉഭയസമ്മതത്തിന്റെ നിയമപരമായ പ്രായം 18 ആണെന്നും കോടതി വ്യക്തമാക്കി.
18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവള്‍ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഗോവിന്ദ് സനപ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രതിയും ഇരയും ഈ ബന്ധത്തില്‍ ജനിച്ച ആണ്‍കുഞ്ഞിന്റെ മാതാപിതാക്കളാണെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതായും ബെഞ്ച് നിരീക്ഷിച്ചു.
Also Read:സാറെയ് കാലെ ഖാന്‍ ചൗക്ക് ഇനി മുതല്‍ ‘ബിര്‍സ മുണ്ട ചൗക്ക്’
പരാതിക്കാരിയായ പെണ്‍കുട്ടിയെ യുവാവ് നിര്‍ബന്ധിത ലൈംഗികബന്ധത്തിന് ഇരയാക്കിയെന്നതാണ് കേസ്. പീഡനം നടക്കുമ്പോള്‍ യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ ഈ ബന്ധത്തില്‍ യുവതി ഗര്‍ഭിണിയാകുകയും യുവാവ് പിന്നീട് പരാതിക്കാരിയെ വിവാഹം ചെയ്യുകയുമായിരുന്നു. എന്നാല്‍ ദാമ്പത്യബന്ധം വഷളായതോടെ യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍ക്കുകയായിരുന്നു.
2019 മെയ് 25നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് നാല് വര്‍ഷം മുമ്പുതന്നെ യുവാവുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും യുവാവ് തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടി ആരോപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭം ധരിക്കുകയും തന്നെ വിവാഹം കഴിക്കാന്‍ അയാളോട് ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറുകയുമായിരുന്നു.ഗര്‍ഭച്ഛിദ്രം നടത്താന്‍ യുവാവ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ ഇയാള്‍ യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നുമാണ് പരാതി.
ഭാര്യയുടെയോ ഭാര്യയെന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയുടെയോ പ്രായം 18 വയസ്സിന് താഴെയായിരിക്കുമ്പോള്‍ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന വാദം നിയമപരമായി സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് കീഴ്ക്കോടതി വിധിച്ച 10 വര്‍ഷത്തെ കഠിന തടവും ബെഞ്ച് ശരിവെച്ചു.