പാലക്കാട്: കള്ളപ്പണ ആരോപണത്തെ പൂര്‍ണമായി തള്ളി ഷാഫി പറമ്പില്‍ എംപി. ട്രോളി ബാഗ് നിറയെ പണം കൊണ്ടുനടക്കാന്‍ ഇത് 1980 ഒന്നുമല്ലല്ലോ എന്ന് ഷാഫി പറമ്പില്‍ ചോദിച്ചു. ഇന്നലെ വരെ ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പണമുണ്ടെന്നായിരുന്നു ആരോപണം. അത് പൊളിഞ്ഞപ്പോള്‍ രാഹുലിന്റെ നീല ട്രോളി ബാഗില്‍ എത്ര മുണ്ടുണ്ടെന്നായി ചര്‍ച്ച. ഇന്നലെ നടന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമായ വൃത്തികെട്ട നാടകമായിരുന്നെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.
മാധ്യമങ്ങള്‍ക്കുനേരെയും ഷാഫി പറമ്പില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. മാധ്യമങ്ങള്‍ക്കും ദുരൂഹതയിലല്ലാതെ യാഥാര്‍ത്ഥ്യങ്ങളില്‍ താത്പര്യമില്ല. ദുരൂഹത ലൈവായി നിര്‍ത്താനാണ് മാധ്യമങ്ങളും ശ്രമിക്കുന്നത്. പൊളിഞ്ഞ വാദങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ സിപിഐഎമ്മിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ല. വനിതാ പൊലീസുവരുന്നതുവരെ ബിജെപി വനിതാ നേതാക്കളുടെ മുറിയില്‍ റെയ്ഡ് നടത്താന്‍ പൊലീസ് മടിച്ചിരുന്നു. എന്നാല്‍ ഷാനിമോളുടേയും ബിന്ദു കൃഷ്ണയുടേയും കാര്യത്തില്‍ ഈ മടി ഉണ്ടായിരുന്നില്ലെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.