മുംബൈ: ബോളിവുഡ് സിനിമ മേഖലയിലിപ്പോൾ വധ ഭീഷണികളുടെ കാലമാണ്. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് ആയിരുന്നു ഈ അടുത്തായി ഒന്നിലധികം തവണ ഭീഷണി ഉണ്ടായത്. ഇപ്പോഴിതാ ‘കിങ് ഖാൻ’ ഷാരൂഖ് ഖാന് നേരെയും ഭീഷണി കോൾ വന്നിരിക്കുകയാണ്.
മോചനദ്രവ്യമായി 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരുഖ് ഖാനെ ഉപദ്രവിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഭീഷണിയെ തുടർന്ന് വ്യാഴാഴ്ച ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
Also Read: തെലുങ്കർക്കെതിരായ പരാമർശം; നടി കസ്തൂരിക്കെതിരെ വീണ്ടും കേസ്
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫൈസാൻ ഖാൻ എന്നയാളുടെ ഫോൺ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഭീഷണി സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്നു തവണയാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് സൽമാനെ ലക്ഷ്യമിട്ട് ഭീഷണിപ്പെടുത്തിയ സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടത് അഞ്ച് കോടി രൂപയായിരുന്നു.