പ്രായം മറന്ന സൗഹൃദം; രത്തൻ ടാറ്റയുടെ ഉറ്റ ചങ്ങാതി ശാന്തനു നായിഡു

മില്ലേനിയല്‍ ഡബ്ബിള്‍ഡോര്‍ എന്നാണ് തന്റെ ഉറ്റ സുഹൃത്തിനെ ശാന്തനു വിശേഷിപ്പിച്ചിരുന്നത്.

പ്രായം മറന്ന സൗഹൃദം; രത്തൻ ടാറ്റയുടെ ഉറ്റ ചങ്ങാതി ശാന്തനു നായിഡു
പ്രായം മറന്ന സൗഹൃദം; രത്തൻ ടാറ്റയുടെ ഉറ്റ ചങ്ങാതി ശാന്തനു നായിഡു

മുംബൈ: 86കാരനായ രത്തന്‍ ടാറ്റയുടെ 30കാരനായ ഉറ്റസുഹൃത്ത്. പ്രായത്തിനും തൊഴിലിടത്തെ വലുപ്പച്ചെറുപ്പങ്ങൾക്കും അതീതമായ കൂട്ട്ക്കെട്ട്. ആദ്യ കൂടിക്കാഴ്ചയോടെ തന്നെ രത്തന്‍ ടാറ്റയുടെ ഹൃദയം കവര്‍ന്ന ശാന്തനു അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു. തെരുവു നായ്ക്കളോടുള്ള സ്‌നേഹമാണ് രത്തന്‍ ടാറ്റയേയും ശാന്തനു നായിഡുവിനേയും ഒന്നിപ്പിക്കുന്നത്. മൃഗങ്ങൾ റോഡപകടങ്ങളിൽപ്പെടുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ തെരുവുനായകൾക്കായി ആരംഭിച്ച മോട്ടോപോസ് എന്ന പദ്ധതിയിലൂടെയാണ് മുപ്പതുകാരനായ ശന്തനു നായിഡു രത്തനെ പരിചയപ്പെടുന്നത്.

ശാന്തനുവിന്റെ ഇരുപതാം വയസിലാണ് ഈ സൗഹൃദം ആരംഭിക്കുന്നത്. പത്ത് വര്‍ഷം മുന്‍പ് 2014ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ഒരു എന്‍ജിഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു ശാന്തനു. തെരുവു നായ്ക്കള്‍ അപകടത്തില്‍പ്പെടുന്നത് തടയാനുള്ള ഒരു പ്രൊജക്റ്റ് ഇവര്‍ തയ്യാറാക്കി. ഇത് നടപ്പാക്കാനുള്ള സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് ശാന്തനു രത്തന്‍ ടാറ്റയ്ക്ക് ഒരു കത്തെഴുതി. ശാന്തനുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ട് മാസത്തിനു ശേഷം രത്തന്‍ ടാറ്റയുടെ ഒരു മറുപടി കത്ത് ലഭിച്ചു. മുംബൈയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്. ആ കൂടിക്കാഴ്ചയിലാണ് രത്തന്‍ ടാറ്റ തന്റെ ഉറ്റ സുഹൃത്തിനെ കണ്ടെത്തുന്നത്.

Also Read:ഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍; പുനഃപരിശോധന വേഗത്തിലാക്കും

പിന്നീട് നായിഡു ടാറ്റയുടെ വിശ്വസ്തനും സഹായിയുമായിത്തീർന്നു. ഇരുവരും ഒരുമിച്ച് സിനിമകൾ കാണുകയും ഭക്ഷണം കഴിക്കുകയും ബിസിനസ്, വ്യക്തിഗത വളർച്ച എന്നിവയെക്കുറിച്ചുള്ള അർഥവത്തായ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യുന്നത് പതിവായിരുന്നു. സാമൂഹികമാധ്യമങ്ങളിൽ ഇടപഴകാൻ നായിഡു ടാറ്റയെ സഹായിച്ചു. ഇതുവഴി രത്തൻ ടാറ്റ ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ ജനപ്രിയനായി. ടാറ്റ നായിഡുവിന്റെ പുതിയ കാഴ്ചപ്പാടിനെ വിലമതിച്ചപ്പോൾ നായിഡു ടാറ്റയുടെ ജ്ഞാനത്തെയും അനുഭവത്തെയും ബഹുമാനിച്ചു.

അതിനിടെ എംബിഎ ചെയ്യാന്‍ ശാന്തനുവിന് യുഎസില്‍ പോകേണ്ടിവന്നു. പഠനം കഴിഞ്ഞ് തിരിച്ചെത്തി വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് രത്തന്‍ ടാറ്റയ്ക്ക് ശാന്തനു ഉറപ്പു നല്‍കിയിരുന്നു. ആ വാക്ക് ശാന്തനു പാലിച്ചു. തിരിച്ചെത്തിയപ്പോള്‍ ശാന്തനുവിനെ കാത്തിരുന്നത് രത്തന്‍ ടാറ്റയുടെ അസിസ്റ്റന്റിന്റെ ജോലിയാണ്. കൂടാതെ ടാറ്റ ട്രസ്റ്റിന്റെ മാനേജരായും നിയമിച്ചു. ആ സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി ശാന്തനു മാറി.

Also Read: “ബിജെപിക്ക് വേണമെങ്കില്‍ ബംഗ്ലാവിൽ കഴിയാം, ആം ആദ്മി ജനങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്”: അതിഷി മർലേന

മില്ലേനിയല്‍ ഡബ്ബിള്‍ഡോര്‍ എന്നാണ് തന്റെ ഉറ്റ സുഹൃത്തിനെ ശാന്തനു വിശേഷിപ്പിച്ചിരുന്നത്. ഹാരി പോട്ടര്‍ കഥാപാത്രത്തെ പോലെ പ്രായമായെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം എപ്പോഴും ചെറുപ്പമായിരുന്നു എന്നാണ് ശാന്തനു പറഞ്ഞത്.

‘ഈ സൗഹൃദം എന്നില്‍ അവശേഷിപ്പിച്ച വിടവ് നികത്താന്‍ എന്റെ ജീവിതകാലം മുഴുവന്‍ വേണ്ടിവരും. സ്‌നേഹത്തിന് നല്‍കുന്ന വിലയാണ് ദുഃഖം. എന്റെ പ്രിയപ്പെട്ട വിളക്കുമാടത്തിനു വിട.’- രത്തന്‍ ടാറ്റയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശാന്തനു കുറിച്ചു.

Top