രാഷ്ട്രീയ ജീവിതത്തിൽ നിന്ന് വിരമിക്കൽ സൂചന നൽകി എൻസിപി നേതാവ് ശരദ് പവാർ. ബരാമതിയിൽ വെച്ച് നടന്ന പൊതുപരിപാടിയിൽ വച്ചാണ് ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചന ശരദ് പവാർ നൽകിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ താൻ മത്സരിക്കാനില്ലെന്നും പുതുതലമുറയ്ക്കാവശ്യമായ നിർദേശങ്ങൾ നൽകി മുമ്പോട്ട് പോകുമെന്നും പരിപാടിയിൽ പ്രസംഗിക്കവെ പവാർ പറഞ്ഞു.
ശരദ് പവാർ പറഞ്ഞത്
‘ഞാൻ അധികാരത്തിൽ ഇല്ല. എന്നാൽ രാജ്യസഭയിൽ ഉണ്ടാകും. ഒന്നരവർഷത്തോളം കാലാവധി ഇനിയും ബാക്കിയുണ്ട്. അതിനു ശേഷം രാജ്യസഭയിലേക്ക് പോകണോ വേണ്ടയോ എന്ന കാര്യം ആലോചിക്കും. ലോക്സഭയിലേക്ക് ഇനി മത്സരിക്കില്ല. വരാനിരിക്കുന്ന ഒരു തിരഞ്ഞെടുപ്പിലും താൻ മത്സരിക്കില്ല.
Also Read: ‘നിലപാടില്‍ മാറ്റമില്ല’; സ്വാഗതം ചെയ്ത സിപിഎമ്മിലെ നേതാക്കളോട് സ്നേഹമുണ്ടെന്ന് സന്ദീപ് വാര്യര്‍
ഞാൻ പതിനാല് തവണ തവണ മത്സരിച്ചു. ഒരിക്കൽ പോലും നിങ്ങളെന്നെ തിരികെ വീട്ടിലേക്ക് അയച്ചിട്ടില്ല. ഓരോ പ്രാവശ്യവും നിങ്ങളെന്നെ തിരഞ്ഞെടുത്തു. പക്ഷെ, ഇപ്പോൾ എനിക്കെവിടെയെങ്കിലും ഇത് അവസാനിപ്പിക്കണം. എന്നാൽ അതുകൊണ്ട് അർത്ഥമാക്കുന്നത് പൊതുപ്രവർത്തനം അവസാനിപ്പിക്കും എന്നല്ല. എനിക്ക് അധികാരം വേണ്ട. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും.
നിങ്ങളെന്നെ ഒന്നോ രണ്ടോ തവണയല്ല, നാല് തവണയാണ് മുഖ്യമന്ത്രിയാക്കിയത്. 1967 ൽ എന്നെ നിങ്ങൾ തിരഞ്ഞെടുത്തു. 25 വർഷക്കാലം ഞാൻ ഇവിടെ പ്രവർത്തിച്ചു. ഇനി ഭാവി നോക്കാനുള്ള സമയമാണ്. അടുത്ത 30 വർഷത്തേക്കാവശ്യമായ നേതാക്കളെ വളർത്തിക്കൊണ്ട് വരാനുണ്ട്’- പവാർ കൂട്ടിച്ചേർത്തു.