റോബോട്ടുകള്‍ പുഷ് അപ്പ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് മസ്‌ക് പറയുന്നു; ഭാവിയിലേത് ഡ്രോണ്‍ യുദ്ധങ്ങള്‍

റോബോട്ടുകള്‍ പുഷ് അപ്പ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് മസ്‌ക് പറയുന്നു; ഭാവിയിലേത് ഡ്രോണ്‍ യുദ്ധങ്ങള്‍
റോബോട്ടുകള്‍ പുഷ് അപ്പ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് മസ്‌ക് പറയുന്നു; ഭാവിയിലേത് ഡ്രോണ്‍ യുദ്ധങ്ങള്‍

റോബോട്ടിക് രംഗത്ത് മികവുറ്റ പരീക്ഷണങ്ങള്‍ നടത്തിവരികയാണ് ഇലോണ്‍ മസ്‌ക്. ടെസ്‌ലയുടെ ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസിന്റെ വിശേഷങ്ങള്‍ അദ്ദേഹം ഇടക്കിടെ മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സില്‍ പങ്കുവെക്കാറുണ്ട്. റോബോട്ടിക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏറെ തല്‍പരനായ മസ്‌ക് ഇന്നലെ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. ചൈനീസ് റോബോട്ട് നിര്‍മ്മാതാക്കളായ യൂണിട്രീ, അവര്‍ നിര്‍മിച്ച ഡസന്‍ കണക്കിന് റോബോട്ടുകള്‍ പുഷ്അപ്പുകള്‍ ചെയ്യുന്നതും ഒരുപോലെ നീങ്ങുന്നതുമായി കാണിക്കുന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

ഈ വിഡിയോക്ക് താഴെയായിരുന്നു കോടീശ്വരനായ മസ്‌ക് പ്രതികരണമറിയിച്ചുകൊണ്ട് രംഗത്തുവന്നത്. ‘ഭാവിയിലെ യുദ്ധങ്ങള്‍ ഡ്രോണ്‍ യുദ്ധങ്ങളായിരിക്കും.’ എന്ന് മസ്‌ക് പോസ്റ്റ് ചെയ്തു. എന്നാല്‍, എന്ത് തരത്തിലുള്ളതായാലും യുദ്ധം വേണ്ടെന്നാണ് എക്‌സ് യൂസര്‍മാര്‍ കമന്റ് ചെയ്തത്. അതേസമയം, വിഡിയോയിലെ ഒരു കൗതുകം പങ്കുവെച്ചും നിരവധിപേര്‍ എത്തി. വിഡിയോയില്‍ ഒരു റോബോട്ട് മാത്രം മറ്റുള്ളവയെ അപേക്ഷിച്ച് വ്യത്യസ്ത ദിശയിലേക്ക് അഭിമുഖീകരിക്കുന്നതായാണ് അവര്‍ കണ്ടെത്തിയത്.

അപകടകരമായ സാഹചര്യങ്ങളില്‍ മനുഷ്യന് പകരം ജോലി ചെയ്യിക്കുകയെന്ന ലക്ഷ്യത്തോടെ ടെസ്‌ല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടാണ് ഒപ്റ്റിമസ്. ഒപ്റ്റിമസ് റോബോട്ടിന്റെ പ്രോട്ടോ ടൈപ്പ് വിവിധ ജോലികള്‍ ചെയ്യുന്നതിന്റെ വിഡിയോ കമ്പനി മേധാവി ഇലോണ്‍ മസ്‌ക് ഇടക്കിടെ എക്‌സില്‍ പങ്കുവെക്കാറുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒപ്റ്റിമസ് റോബോട്ട് ഷര്‍ട്ട് മടക്കിവെക്കുന്ന വിഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. മേശയില്‍ വെച്ച് ശ്രദ്ധയോടെ റോബോട്ട് ടീ ഷര്‍ട്ട് മടക്കിവെക്കുകയാണ്. എന്നാല്‍, വളരെ പതുക്കെയാണ് ഒപ്റ്റിമസ് അത് ചെയ്യുന്നത്. ഒപ്റ്റിമസിന്റെ മറ്റൊരു വിഡിയോ കൂടി കഴിഞ്ഞ മാസം ഇലോണ്‍ മസ്‌ക് പങ്കുവെച്ചിരുന്നു. ആ വിഡിയോയില്‍ ടെസ്‌ലയുടെ ഹ്യുമനോയ്ഡ് റോബോട്ട് അല്‍പ്പം വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. തിരക്കേറിയ ടെസ്‌ല ഫാക്ടറിയുടെ തറയിലൂടെ ഒപ്റ്റിമസ് ആത്മവിശ്വാസത്തോടെ ആരുടെയും സഹായമില്ലാതെ നടക്കുന്നതായിരുന്നു ഫൂട്ടേജിലുള്ളത്. 1 മിനിറ്റും 18 സെക്കന്‍ഡും ഒപ്റ്റിമസ് സ്വതന്ത്രമായി സഞ്ചരിക്കുകയാണ്.

Top