തിരുവനന്തപുരം; ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുകൂട്ടം പ്രവർത്തകർ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചതിന്, കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് നിയുക്ത എംപി ശശി തരൂർ. താൻ കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയിട്ടില്ലെന്നും വാക്കാലോ രേഖാമൂലമോ താൻ ഒരു പരാതിയും ഇതു വരെ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ, ബൂത്ത് ലെവൽ ഡാറ്റ പഠിച്ച് വോട്ടിൻ്റെ നേട്ടവും നഷ്ടവും സംബന്ധിച്ചും, കോട്ടങ്ങൾ അടുത്ത തെരഞ്ഞെടുപ്പുകളിൽ മറി കടക്കാനുള്ള തിരുത്തൽ നടപടികളെക്കുറിച്ചും റിപ്പോർട്ട് നൽകുവാൻ താൻ തന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമം നടന്നുവെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്.
തനിക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകളിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും അട്ടിമറി ശ്രമം നടന്നുവെന്നും അത് അന്വേഷിക്കണമെന്നും പരാതിയില്‍ ശശി തരൂർ ആവശ്യപ്പെട്ടുവെന്നായിരുന്നു വാർത്തകൾ. ആത്മാർത്ഥമായ പ്രവർത്തനം പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും, അവരെ ഏകോപിപ്പിക്കേണ്ട നടപടി നേതാക്കളിൽ നിന്ന് ഉണ്ടായില്ലെന്നും ശശി തരൂർ പരാതിയിൽ ഉന്നയിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.