CMDRF

ഷെയ്ഖ് ഹസീന നാടുവിട്ടു; ജയിൽമോചിതയായി ഖാലിദ സിയ

ഷെയ്ഖ് ഹസീന നാടുവിട്ടു; ജയിൽമോചിതയായി ഖാലിദ സിയ
ഷെയ്ഖ് ഹസീന നാടുവിട്ടു; ജയിൽമോചിതയായി ഖാലിദ സിയ

ധാക്ക: ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് നാട് വിട്ടതിന് പിന്നാലെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതാവും മുൻപ്രധാനമന്ത്രിയുമായ ഖാലിദ സിയ ജയില്‍മോചിതയായി. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് ഷെയ്ഖ് ഹസീനയുടെ പ്രധാനരാഷ്ട്രീയ എതിരാളി കൂടിയായി ഖാലിദ സിയയെ ജയില്‍മോചിതയാക്കാനുള്ള തീരുമാനമെടുത്തത്. പ്രതിപക്ഷ പാര്‍ട്ടികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഖാലിദ സിയയെ മോചിപ്പിക്കാനുള്ള തീരുമാനം പ്രസിഡന്റ് കൈകൊണ്ടത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ ഖാലിദ സിയയെ പെട്ടെന്ന് മോചിപ്പിക്കാന്‍ ഐക്യകണ്‌ഠേന തീരുമാനിച്ചു എന്നായിരുന്നു പ്രസിഡന്റിന്റെ വാര്‍ത്താക്കുറിപ്പ്.

ഗ്രാഫ്റ്റ് കേസില്‍ പതിനേഴ് വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 2018 മുതല്‍ ജയിലില്‍ കഴിയുകയാണ് 78കാരിയായ ഖാലിദ സിയ. അസുഖബാധിതയായ ഖാലിദ സിയയെ ആശുപത്രിയിലേയ്ക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ പ്രധാനപ്പെട്ട രാഷ്ട്രീയ എതിരാളികളാണ് ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി. ഷെയ്ഖ് ഹസീനയ്ക്കും ഖാലിദ സിയയ്ക്കും ഇടയിലെ ശത്രുത ബാറ്റില്‍ ഓഫ് ബീഗംസ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഇരുനേതാക്കളും ഒരുമിച്ച് നയിച്ച ജനാധിപത്യ പോരാട്ടത്തെ തുടര്‍ന്ന് 1991ല്‍ ബംഗ്ലാദേശില്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 1991ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഖാലിദ സിയ അധികാരത്തിലെത്തി. തുടര്‍ന്ന് 1996ലെ തിരഞ്ഞെടുപ്പില്‍ ഷെയ്ഖ് ഹസീന അധികാരം പിടിച്ചു. 2001ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും ഖാലിദ സിയ അധികാരത്തിലെത്തി. ഈ കാലഘട്ടത്തിലാണ് ഇരുവര്‍ക്കുമിടയിലെ രാഷ്ട്രീയ ശത്രുത ഏറെ ചര്‍ച്ചാ വിഷയമായത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പുരോഗമന മതേതര നിലപാടുള്ള പാര്‍ട്ടിയെന്ന നിലയിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയെ തീവ്രനിലപാടുകളുള്ള പാര്‍ട്ടിയെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.

ഭരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്നലെ രാജിവെച്ചതും രാജ്യംവിട്ടതും. ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ സൈന്യം രാജ്യത്തെ ക്രമസമാധാന ചുമതല ഏറ്റെടുത്തിരുന്നു. രാജ്യത്ത് ഇടക്കാല സർക്കാർ രൂപീകരിക്കാനും തീരുമാനിച്ചിരുന്നു. ഇടക്കാല സർക്കാരിനെ സലിമുള്ള ഖാനും ആസിഫ് നസ്‌റുളും നയിക്കും. ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികളുമായും പ്രമുഖരുമായും ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും സമാധാനത്തിൻ്റെ പാതയിലേക്ക് മടങ്ങാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സൈനീക മേധാവി മാധ്യമങ്ങളെ അറിയിച്ചത്.

ഇതിനിടെ ബംഗ്ലാദേശിൽ നിന്നും സൈനിക ഹെലികോപ്റ്ററിൽ രാജ്യംവിട്ട ഷെയ്ഖ് ഹസീന ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിൽ തുടരുകയാണ്. ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ബം​ഗ്ലാദേശിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സുരക്ഷാകാര്യ സമിതി ഇന്നലെ യോ​ഗം ചേ‍ർന്നിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ, ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

Top