CMDRF

കലാപകാരികളെ ശിക്ഷിക്കണം, എനിക്ക് നീതിവേണം’; നാടുവിട്ടശേഷം ആദ്യമായി പ്രതികരിച്ച് ഷെയ്ഖ് ഹസീന

കലാപകാരികളെ ശിക്ഷിക്കണം, എനിക്ക് നീതിവേണം’; നാടുവിട്ടശേഷം ആദ്യമായി പ്രതികരിച്ച് ഷെയ്ഖ് ഹസീന
കലാപകാരികളെ ശിക്ഷിക്കണം, എനിക്ക് നീതിവേണം’; നാടുവിട്ടശേഷം ആദ്യമായി പ്രതികരിച്ച് ഷെയ്ഖ് ഹസീന

ഡൽഹി; ബംഗ്ലദേശ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള പുറത്താകലിനുശേഷം ആദ്യമായി പ്രതികരിച്ച് ഷെയ്ഖ് ഹസീന. ജൂലൈയിൽ നടന്ന പ്രക്ഷോഭത്തിലെ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും ഉൾപ്പെട്ടവർക്കു തക്കതായ ശിക്ഷ നൽകണമെന്നു ഹസീന ആവശ്യപ്പെട്ടു.

മകൻ സയീബ് വാസെദാണ് ഷെയ്ഖ് ഹസീനയുടെ പ്രസ്താവന സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ജൂലൈയിലെ അക്രമങ്ങളെ ഭീകരാക്രമണമെന്നാണു ഷെയ്ഖ് ഹസീന പ്രസ്താവനയിൽ വിശേഷിപ്പിച്ചിട്ടുള്ളത്.

ഓഗസ്റ്റ് 15ന് പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ടതിന്റെ വാർഷികാചരണത്തിന്റെ പശ്ചാത്തലത്തിലാണു പ്രസ്താവന. 15ന് ദേശീയ വിലാപദിനം പതിവുപോലെ ആചരിക്കണമെന്നും ഹസീന ബംഗ്ലദേശ് ജനതയോട് ആഹ്വാനം ചെയ്തു.

‘‘ജൂലൈയിൽ പ്രതിഷേധത്തിന്റെ പേരിൽ ഒട്ടേറെപ്പേർക്കു ജീവൻ നഷ്ടപ്പെടുകയും നിരവധിപ്പേർ ആക്രമണങ്ങൾക്കിരയാകുകയും ചെയ്തു. വിദ്യാർഥികൾ, അധ്യാപകർ,പൊലീസ്, അവാമി ലീഗ് പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ജീവനക്കാർ, സാംസ്കാരിക പ്രവർത്തകർ, കാൽനടക്കാർ തുടങ്ങിയവർ ഭീകരാക്രമണത്തിന്റെ ഇരകളായി ജീവൻ വെടിഞ്ഞു.

അവരുടെ ആത്മാവിന് വേണ്ടി പ്രാർഥിക്കുന്നു’’. ഈ ആക്രമണങ്ങൾക്കു പിന്നിലുള്ളവരെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി തക്ക ശിക്ഷ നൽകണമെന്നും ഹസീന പ്രസ്താവനയിൽ പറഞ്ഞു.

‘1975 ഓഗസ്റ്റ് 15നാണു ബംഗ്ലദേശ് പ്രസിഡന്റ് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാൻ ക്രൂരമായി കൊല്ലപ്പെട്ടത്. അതോടൊപ്പം എന്റെ മാതാവ് ബീഗം ഫാസിലാത്തുന്നിസ, എന്റെ സഹോദരങ്ങളും സ്വാതന്ത്രസമര സേനാനികളുമായ ഷെയ്ഖ് കമൽ, ഷെയ്ഖ് ജമാൽ, കമാലിന്റെ ഭാര്യ സുൽത്താന കമൽ, ജമാലിന്റെ ഭാര്യ റോസി ജമാൽ, വെറും 10 വയസുമാത്രമുണ്ടായിരുന്ന എന്റെ ഇളയ സഹോദരൻ ഷെയ്ഖ് റസൽ, എന്റെ ഏക അമ്മാവൻ ഷെയ്ഖ് നാസർ തുടങ്ങിയവർ ക്രൂരമായി കൊല്ലപ്പെട്ടു. അന്ന് നടന്ന ക്രൂരമായ കൊലപാതകങ്ങളുടെ ഓർമകൾ പേറുന്ന ബംഗബന്ധു ഭവൻ ഞങ്ങൾ രണ്ട് സഹോദരിമാർ ബംഗാളിലെ ജനങ്ങൾക്കായി സമർപ്പിച്ചു. ഓർമകൾക്കായി ഒരു മ്യൂസിയം പണി കഴിപ്പിച്ചു. രാജ്യത്തെ സാധാരണക്കാർ മുതൽ വിവിധ ദേശങ്ങളിൽനിന്നുള്ള ഉന്നതർ വരെ ആ വീട്ടിലെത്തി. സ്വാതന്ത്ര്യത്തിന്റെ സ്മാരകമായിരുന്നു ആ മ്യൂസിയം. നമ്മുടെ അതിജീവനത്തിന്റെ അടിസ്ഥാനമായിരുന്ന ആ സ്മാരകം ഇന്ന് ചാരമായി മാറിയിരിക്കുന്നു. വികസ്വര രാജ്യമെന്ന പേര് ലോകത്ത് ബംഗ്ലദേശ് നേടിയിരുന്നു. ഇന്നത് മങ്ങുകയാണ്. ആരുടെ നേതൃത്വത്തിലാണോ നാം സ്വതന്ത്രരാഷ്ട്രമെന്ന ആത്മാഭിമാനം നേടുകയും സ്വയം തിരിച്ചറിയുകയും സ്വതന്ത്ര രാജ്യം നേടുകയും ചെയ്തത് ആ രാഷ്ട്രപിതാവ് ഇന്ന് അങ്ങേയറ്റം അപമാനിക്കപ്പെട്ടു. അവർ അപമാനിച്ചത് ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെക്കൂടിയാണ്. ബംഗ്ലദേശ് ജനതയോട് ഞാൻ നീതി ആവശ്യപ്പെടുന്നു. ഓഗസ്റ്റ് 15ന് നിങ്ങൾ ദേശീയ വിലാപദിനം ആചരിക്കണം. ബംഗബന്ധു ഭവനിൽ പൂക്കൾ അർപ്പിച്ച് രക്തസാക്ഷികൾക്കായി പ്രാർഥിക്കണം’ – ഷെയ്ഖ് ഹസീന പ്രസ്താവനയിൽ പറഞ്ഞു. ഓഗസ്റ്റ് 15ന് ഷെയ്ഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ട ദിവസം അവധി നൽകിയിരുന്ന തീരുമാനം ഇടക്കാല സർക്കാർ റദ്ദാക്കിയതിനു പിന്നാലെയാണ് ഹസീനയുടെ പ്രസ്താവനയെത്തുന്നത്.

Top