ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സൈനികവിമാനം ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകുന്നേരം 5.36-നാണ് ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഹസീനയെ സ്വീകരിച്ചു. അവര്‍ ഉടന്‍ ലണ്ടനിലേക്ക് തിരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ പ്രക്ഷോഭം രൂക്ഷമായതിന് പിന്നാലെ സഹോദരിക്കൊപ്പമാണ് 76-കാരിയായ ഹസീന രാജ്യംവിട്ടത്.
അതേസമയം, ബംഗ്ലാദേശിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ അവിടേക്കുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന്റെ പരിസരത്ത് സുരക്ഷ കര്‍ശനമാക്കി.ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് തിരിച്ചുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ സുരക്ഷാ ഏജന്‍സികള്‍ ഇന്ത്യന്‍ അതിര്‍ത്തിയോട് അടുക്കുന്ന സി 130 വിമാനത്തെ നിരീക്ഷിച്ചു തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. ഡല്‍ഹിയെ ലക്ഷ്യമാക്കിയാണ് വിമാനം നീങ്ങിക്കൊണ്ടിരുന്നത്.
വൈകീട്ട് അഞ്ചു മണിക്കും 5.15-നുമിടെ വിമാനം ന്യൂഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വിമാനം പട്നയ്ക്ക് മുകളിലെത്തിയതും യു.പി അതിര്‍ത്തി കടന്ന് പറന്നതുമെല്ലാം സുരക്ഷാ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ബംഗ്ലാദേശ് എയര്‍ഫോഴ്സിന്റെ സി 130 ജെ ഹെര്‍ക്കുലീസ് മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നത്. സര്‍ക്കാര്‍ ജോലിയിലെ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് രാജ്യവ്യാപക സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് വഴിവെച്ചതും ഷെയ്ഖ് ഹസീനയെ രാജിയിലേക്ക് നയിച്ചതും. ഈ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിന്റെ ഭരണം സൈന്യം ഏറ്റെടുത്തേക്കും.