ബെംഗളൂരു: ഷിരൂരിലെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയിൽ നിന്നാണ് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. രണ്ട് ടയറിൻറെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അർജുൻറെ ലോറി ഉടമ മനാഫ് പറഞ്ഞു. ട്രക്കിൻറെ മുൻ ഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്പിയുടെ ഭാഗവും കണ്ടുവെന്ന് മനാഫ് അറിയിച്ചു. ബാക്കി മണ്ണിന് അടിയിൽ ആകും ഉള്ളത്. ലോറി തല കീഴായി കിടക്കുന്ന നിലയിലാണ് ഉള്ളതെന്നും മാൽപെ പറഞ്ഞതായി മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പടെ മൂന്ന് പേരെ കണ്ടെത്താൻ വേണ്ടി ഗംഗാവലി പുഴയിൽ പരിശോധന പുരോഗമിക്കുകയാണ്. പുഴയിൽ ഇറങ്ങി നടത്തിയ പരിശോധനയിൽ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ രാവിലെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തിരുന്നു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ലോറിയിൽ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. നേരത്തെ നദിക്കരയിൽ നിന്നും തടിക്കഷണങ്ങൾ ലഭിച്ചിരുന്നു. അർജുൻ ലോറിയിൽ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.
Also read: ഷിരൂര്‍ മണ്ണിടിച്ചില്‍; തടിക്കഷ്ണം കണ്ടെത്തി
ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെക്ക് ആദ്യം കർണാടക അനുമതി നൽകിയിരുന്നില്ല. ഒടുവിൽ ജില്ല ഭരണകൂടവുമായി നിരന്തരം ചർച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. പുഴയിലെ സാഹചര്യം നിലവിൽ തെരച്ചിലിന് അനുകൂലമാണ്. നേരത്തെ പുഴയിൽ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിർദേശിച്ച മൂന്ന് പ്രധാന പോയൻറുകളിലാണ് ഡ്രഡ്ജറും ക്യാമറയും ഉപയോഗിച്ചുളള തെരച്ചിൽ നടക്കുന്നത്.