ബംഗളുരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങളെന്ന് സംശയിക്കുന്ന ടയറുകളും സ്റ്റിയറിങും ഉള്‍പ്പെടെ കണ്ടെത്തിയതിന് പുറമെ മറ്റൊരു ഭാഗത്ത് വെറൊരു വാഹനത്തിന്റെ ഭാഗങ്ങളും കണ്ടെത്തി.
മറ്റൊരു വാഹനത്തിന്റെ ഭാഗങ്ങള്‍ കൂടി തെരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ടെന്നും പുറത്തേക്ക് എടുത്താലെ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും ഈശ്വര്‍ മാൽപെ പറഞ്ഞു. ലോറിയുടെ ടയറുകളും ക്ലച്ചും സ്റ്റിയറിങും, ആക്‌സിലേറ്ററും ഉള്‍പ്പെടെ കണ്ടെത്താനായിട്ടുണ്ട്. ഇതിന് പുറമെയാണ് മറ്റൊരു വാഹനത്തിന്റെ ക്യാബിന്‍ എന്ന് തോന്നിക്കുന്ന ഭാഗവും കണ്ടെത്തിയത്.
എന്നാല്‍, പുഴയില്‍ അര്‍ജുന്റെ ലോറി മാത്രമാണ് കാണാതായതെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. മറ്റൊരു വാഹനത്തിന്റെ ഭാഗം കൂടി കണ്ടെത്തിയതെന്ന വിവരം തെരച്ചിലില്‍ ആശയക്കുഴപ്പിത്തിനിടയാക്കിയിട്ടുണ്ടെങ്കിലും യന്ത്രഭാഗങ്ങള്‍ പുറത്തെടുക്കുന്നതോടെ ഇതിലും വ്യക്തത വരുമെന്നാണ് അധികൃതര്‍ പറയുന്നത്. കണ്ടെത്തിയ ഭാഗങ്ങള്‍ കെട്ടിവലിച്ച് പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.