ബെംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം നീളും. ഡ്രജിങ് മിഷന്‍ കൊണ്ടുവരാന്‍ വൈകുന്നതാണ് തിരച്ചില്‍ നീളാന്‍ കാരണം. പുഴയിലെ മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിനായാണ് ഡ്രഡ്ജര്‍ എത്തിക്കുന്നത്. പുഴയില്‍ അടിഞ്ഞ മണ്ണ് മുഴുവന്‍ 10 ദിവസം കൊണ്ട് നീക്കും.
ഇതിനിടെ, ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലിനിടെ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗങ്ങള്‍ വീണ്ടും കണ്ടെത്തി. നാവിക സേന ഇന്ന് നടത്തിയ തെരച്ചിലിലാണ് കൂടുതല്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തെരച്ചിലിലും ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. അര്‍ജുന്റെ ലോറിയില്‍ തടി കഷണങ്ങൾ കെട്ടാനുപയോഗിച്ച കയറും കണ്ടെത്തിയിരുന്നു. ഇന്ന് കണ്ടെത്തിയ ലോഹ ഭാഗം അര്‍ജുന്‍ ഓടിച്ച ലോറിയുടേത് അല്ലെന്നും ടാങ്കറിന്റേത് ആകാനാണ് സാധ്യതയെന്നും ലോറിയുടെ ആര്‍സി ഉടമ മുബീന്‍ പറഞ്ഞു.