ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്നത്തെ തെരച്ചിലില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ച് മല്‍പെ കരയിലേക്ക് കയറിയത്.
രണ്ടു മണിക്കൂറോളമാണ് ഇന്ന് തെരച്ചില്‍ നടത്തിയത്. നാളെ വീണ്ടും തെരച്ചില്‍ പുനരാരംഭിക്കും. കൂടുതല്‍ ആളുകളെ എത്തിച്ച് വിപുലമായ തെരച്ചിലായിരിക്കും നടത്തുക. നാളെ നല്ല വെയിലുള്ള സമയത്ത് തെരച്ചില്‍ നടത്തിയാല്‍ കൂടുതല്‍ ഗുണകരമാകുമെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു.
ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ട്, പുഴയുടെ അടിയൊഴുക്ക് കുറഞ്ഞു, പുഴയുടെ അടിയില്‍ എല്ലാം വ്യക്തമായി കാണാനാകുന്നുണ്ടെന്നും വെയിലുള്ള സമയത്ത് രാവിലെ തന്നെ ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്താനാകുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.അ ര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ജാക്കി കണ്ടെത്തിയത് പ്രതീക്ഷ നല്‍കുന്നതാണെന്നും ലോറി പുഴയില്‍ തന്നെയുണ്ടാകാമെന്നതിനൊരു തെളിവ് ലഭിച്ചത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും ലോറി ഉടമ മനാഫും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനും പറഞ്ഞു.