ഷിരൂർ ദൗത്യം പ്രതിസന്ധിയിൽ; തിരച്ചിൽ ഡ്രഡ്ജർ എത്തിച്ച ശേഷം മാത്രം

അങ്കോല: ഗംഗാവലി പുഴയിൽ അർജുന്റെ ട്രക്ക് കണ്ടെത്താനുള്ള തിരച്ചിൽ താല്ക്കാലികമായി അവസാനിപ്പിച്ചു. ​ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കുന്നത് വരെ തിരച്ചിൽ നടത്തില്ല. ഡ്രഡ്ജർ എത്താൻ ഒരാഴ്ചയെടുക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തിരച്ചിൽ താല്ക്കാലികമായി അവസാനിപ്പിച്ച കാര്യം അർജുൻ്റെ സഹോദരീ ഭർത്താവ് ജിതിനോട് മഞ്ചേശ്വരം എം എൽ എ എ കെ എം അഷറഫ് അറിയിച്ചു.

നദിയിലെ സീറോ വിസിബിലിറ്റിയും പ്രതികൂല കാലാവസ്ഥയും ദൗത്യത്തിന് വെല്ലുവിളിയാണ്. വിസിബിലിറ്റി കുറവായതിനാൽ ഡൈവർമാർക്ക് പുഴയിലിറങ്ങാൻ തടസമുണ്ട്. വെള്ളത്തിലെ കലക്ക് കുറഞ്ഞാൽ ഡൈവിംഗ് നടത്തുമെന്നാണ് ഈശ്വർ മാൽപേ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ നാവികസേനയുടെ സംഘം തിരച്ചിൽ നടത്തുന്നതിലും അനിശ്ചിതത്വം നേരിടുകയായിരുന്നു.

അർജുനെ കാണാതായിട്ട് ഒരുമാസം കഴിഞ്ഞു. ഇന്നലെ നടത്തിയ തിരച്ചിലിൽ ​ പുഴയിൽ നിന്ന് അർജുന്റെ ലോറിയുടെ കയറും ലോഹഭാ​ഗങ്ങളും കണ്ടെത്തിയിരുന്നു. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ സംഘാംഗങ്ങളും എൻഡിആർഎഫും എസ്ഡിആർഎഫുമാണ് ഇന്നലെ നടന്ന തിരച്ചിലില്‍ പങ്കാളികളായത്.

Top