മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശമുന്നയിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം വരുമ്പോള്‍ പ്രധാനമന്ത്രി മോദി നോട്ട് നിരോധിച്ചതുപോലെ ജനങ്ങള്‍ ‘ഡി മോഡിനേഷന്‍’ നടത്തുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ബാന്ദ്ര-കുര്‍ള കോംപ്ലക്സില്‍ നടന്ന ഇന്ത്യാ സഖ്യത്തിൻ്റെ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈയില്‍ മോദി നടത്തിയത് രാജ്യദ്രോഹികളുടെയും വ്യാജന്മാരുടെയും വാടകയ്ക്കെടുത്തവരുടെയും റാലിയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയില്‍ വെള്ളിയാഴ്ച ശിവാജി പാര്‍ക്കിലേക്കുള്ള മോദിയുടെ സന്ദര്‍ശനം മുംബൈയിലേക്കുള്ള അവസാന സന്ദര്‍ശനമായിരിക്കുമെന്ന് പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവത്തെ ഉദ്ധരിച്ച് താക്കറെ ചൂണ്ടിക്കാട്ടി.
ഘാട്കോപ്പറിലെ കൂറ്റന്‍ പരസ്യ ബോര്‍ഡിന് താഴെ ചതഞ്ഞരഞ്ഞ ആളുകളുടെ രക്തം ഉണങ്ങുന്നതിന് മുമ്പ് പ്രധാനമന്ത്രി ധോലും താഷയും ലെസിമും ഉപയോഗിച്ച് റോഡ് ഷോ നടത്തിയെന്നും താക്കറെ തുറന്നടിച്ചു.
ശിവസേന വ്യാജ പാര്‍ട്ടിയാണെന്ന മോദിയുടെ പരാമര്‍ശത്തെയും താക്കറെ വിമര്‍ശിച്ചു. മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലെയല്ല ശിവസേന പാര്‍ട്ടിയെന്നായിരുന്നു മോദിക്ക് താക്കറെ നല്‍കിയ മറുപടി. ഒരു കാരണവശാലും ജൂണ്‍ നാലിന് ശേഷം മോദി പ്രധാനമന്ത്രി ആയി തുടരില്ലെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.
പരിവര്‍ത്തന്‍ സഭയുടെ നേതൃത്വത്തില്‍ മുംബൈയിലെ ആറ് ലോക്സഭാ മണ്ഡലങ്ങളിലായി മത്സരിക്കുന്ന മഹാവികാസ് അഘാഡിയുടെ ആറ് സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി സംയുക്തമായി നടത്തിയ പ്രചരണ റാലിയിലാണ് ഉദ്ധവ് താക്കറെ മോദിക്കെതിരെ ആഞ്ഞടിച്ചത്.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്‍പി) അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.