കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാൻ ദേശീയ ഏജൻസി വന്നു കൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ സമിതി അംഗവും ആലപ്പുഴ ലോകസഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കിടെ എക്സ്പ്രസ്സ് കേരളയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരണത്തിൻ്റെ പൂർണ്ണ രൂപം കാണുക
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹിന്ദുക്കൾ അണിനിരക്കുന്ന പാർട്ടി സിപിഎം ആണ്. അത് പൊളിക്കാതെ ഇവിടുത്തെ ബിജെപി വളരാൻ കഴിയുമോ?
ഹിന്ദുക്കൾ അണിനിരക്കുന്ന പാർട്ടി മാർക്സിസ്റ്റ് പാർട്ടിയാണ് എന്നൊന്നുമില്ല. ഹിന്ദുക്കളായ ആളുകളും ഭൗതികമായി കാര്യങ്ങളെല്ലാം ചിന്തിക്കാനും അപഗ്രഥിക്കാനുമൊക്കെ സാധിക്കുന്നവർ തന്നെയാണ്. മാർക്സിസ്റ്റ് പാർട്ടി കാലകാലമായി പലരെയും ചതിക്കുകയായിരുന്നു എന്നുള്ള യാഥാർത്ഥ്യം അവർക്ക് മനസ്സിലായിട്ടുണ്ട്. ഏറ്റവും കൂടുതൽ ഹിന്ദുക്കളാണ് മാർക്സിസ്റ്റ് പാർട്ടിയിലുള്ളതെങ്കിൽ ഗണേശവിഗ്രഹത്തെ എന്തിനാണ് വെല്ലുവിളിച്ചത്? ഹിന്ദുക്കൾ കൂടുതലുള്ള പാർട്ടിയിൽ ഗണേശനും ഗണപതി ഹോമവും അമ്പലവും ക്ഷേത്രവും വിശ്വാസവും വേണ്ട എന്ന് എങ്ങനെയാണ് തീരുമാനിക്കാൻ കഴിയുന്നത്? ഞങ്ങളിലില്ലാ ക്രിസ്ത്യൻ രക്തം ഞങ്ങളിലില്ല ഇസ്ലാമിക രക്തം ഞങ്ങളിലില്ല ഹിന്ദു രക്തം ഞങ്ങളിൽ ഉള്ളത് മാനവരക്തം എന്ന് പറഞ്ഞവർ തീവ്രവാദികളുടെ വോട്ട് വാങ്ങിക്കൊണ്ട് വരാൻ പരിശ്രമിക്കുന്നു. തീകൊള്ളിക്കൊണ്ട് തല ചൊറിയുന്ന സാഹചര്യം ആണ് ഇന്ന് മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ നയമായി സ്വീകരിച്ചിട്ടുള്ളത്. കണ്ണൂരിൽ നിന്ന് ഫയാസ് പോയത് ഭീകരവാദ പ്രവർത്തനത്തിനാണ്. ലവ് ജിഹാദിലൂടെ എത്രയോ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികൾ നമ്മുടെ നാടിന് നഷ്ടപ്പെട്ടു, അവർ എവിടെയാണുള്ളത്? അവർ ജീവിച്ചിരിക്കുന്നുണ്ടോ? ഇതെല്ലാം അന്വേഷിക്കാൻ ബാധ്യതപ്പെട്ട ഇവിടത്തെ ഇടതുപക്ഷവും അതുപോലെതന്നെ നിയമസഭയ്ക്ക് അകത്തുള്ള പ്രതിപക്ഷവും എന്തുകൊണ്ടാണ് ഈ കുട്ടികളുടെ കൂടെ നിൽക്കാഞ്ഞത് ഒരു അധ്യാപകന്റെ കൈവെട്ടിയെടുത്ത ഭീകരവാദ സംഘടനയല്ലേ നാട്ടിലുള്ളത്! ആ സംഘടനയുടെ സപ്പോർട്ട് യുഡിഎഫിന് കൊടുത്തപ്പോൾ ഈ സപ്പോർട്ട് വേണ്ട എന്ന് യുഡിഎഫ് പറയണ്ടേ? രഹസ്യമായിട്ട് ഭീകരവാദ സംഘടനകളുമായി യോഗം ചേർന്നപ്പോൾ നിങ്ങൾക്ക് എതിരാണ് എന്ന് പറയണ്ടേ? എന്നാൽ അതിനവർ തയ്യാറല്ല. ഇത് തിരിച്ചറിയുന്ന തെരഞ്ഞെടുപ്പ് തന്നെയാണ് കേരളത്തിൽ നടക്കാൻ പോകുന്നത്.
വർഷങ്ങൾക്ക് മുൻപ് കൊൽക്കത്ത കമ്മീഷണറെ ചോദ്യം ചെയ്യാൻ വന്ന സി.ബി.ഐ സംഘത്തെ , മമതയുടെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ വിവാദമായിരുന്നു. അത്തരം ഒരു നടപടി കേരളത്തിൽ പ്രതീക്ഷിക്കുന്നുണ്ടോ ?
പിണറായി വിജയനെ ചോദ്യം ചെയ്യാൻ ദേശീയ ഏജൻസി വന്നുകൊണ്ടിരിക്കുകയാണ് അവരുടെ കുടുംബത്തിലേക്ക് വരെ അന്വേഷണത്തിന്റെ മുന നീണ്ടുകഴിഞ്ഞു. സഹകരണ സംഘത്തിൽ നിന്ന് ആളുകളുടെ പണം പറ്റിച്ച് മോഷ്ടിച്ച് കൊണ്ടുപോയിട്ടുള്ള സംഭവങ്ങൾ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിനകത്തുണ്ട്. 14 ലക്ഷവും 24 ലക്ഷവും രണ്ടരക്കോടിയും വരെ പോയവരുണ്ട്. അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും പരസ്പര സഹായസഹകരണ മുന്നണിയായി പ്രവർത്തിക്കുന്നു. ഇന്ന് കണ്ണൂരിൽ ഒരു ടീച്ചർ സമരത്തിനിരിക്കയാണ്. 24 ലക്ഷം രൂപ അത്യധ്വാനം ചെയ്ത് നിക്ഷേപിച്ചത് കാണുന്നില്ല. തീർച്ചയായിട്ടും കേരളത്തിന്റെ മുഖ്യമന്ത്രിയുടെയും കുടുംബത്തെയും നേരെ ദേശീയ ഏജൻസിയുടെ അന്വേഷണം ഉണ്ടാകും. വരുന്ന നാളുകളിൽ അദ്ദേഹത്തെ ചോദ്യം ചോദ്യം ചെയ്യുന്നത് കാണാനുള്ള അവസരം കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടാകും.
തൃശൂരിൽ, സി.പി.എമ്മിൻ്റെ ബാങ്ക് അക്കൗണ്ട് വരെ ഇ.ഡി മരവിപ്പിച്ചു , ഇത് രാഷ്ട്രീയ പകപോക്കൽ അല്ലേ ?
കരുവന്നൂരിലെ സഹകരണ സംഘത്തിൽ നിന്ന് കോടിക്കണക്കിന് രൂപ കട്ടെടുത്തുവെന്നും അതിൽ അഴിമതി പണം ഉണ്ടായിരുന്നുവെന്നും ആ പൈസ തീവ്രവാദികളുടെ പണം വന്ന് ബ്ലാക്ക് മണിയായി സ്വരൂപിച്ചിരുന്നു എന്നും പറഞ്ഞത് ബിജെപിയുടെ ഏതെങ്കിലും ഏജൻസി അല്ലല്ലോ ?സിപിഐലും സിപിഎംലും പ്രവർത്തിച്ച രണ്ട് സ്ത്രീകളെ വിജിലൻസ് ജയിലിലിട്ട് അവരുടെ തലയിൽ എല്ലാം കെട്ടിവയ്ക്കാൻ ശ്രമിച്ച മാർക്സിസ്റ്റ് പാർട്ടിയുടെ ജില്ലാ സെക്രട്ടറി, മുൻമന്ത്രി മൊയ്തീൻ തുടങ്ങിയവർക്ക് പങ്കാളിത്തമുണ്ട് എന്ന കാര്യം ഉറപ്പാണ്. ഉപ്പുതിന്നാൽ വെള്ളം കുടിക്കേണ്ടി വരും.
ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് അകത്താക്കിയ പോലെ എളുപ്പത്തിൽ സി.പി.എം നേതാക്കളെ അകത്താക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ ?
സിപിഎം നേതാക്കളിൽ എത്രയോ നല്ല ആളുകൾ ഉണ്ട്. പക്ഷെ സിപിഎം എന്ന് പറയുന്ന പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്തുകൊണ്ട് അവിടെ പിണറായി വിജയൻ എന്ന് പറയുന്ന അഴിമതിക്കാരനായിട്ടുള്ള മുഖ്യമന്ത്രിയും കുടുംബവും അദ്ദേഹത്തിന്റെ തണലിൽ ജീവിക്കുന്നവരും ചേർന്നുകൊണ്ട് എ കെ ഗോപാലന്റെയും ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും സ്വപ്നങ്ങളെ തകർത്തുകൊണ്ട് കേരളത്തിൽ മുന്നോട്ടുപോകുന്നു. അതുകൊണ്ടുതന്നെയാണ് നല്ലവരായിട്ടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഖാക്കന്മാർ അതിൽ മനം മടുത്തുകൊണ്ട് പാർട്ടിയിൽ നിന്ന് വിട്ടുപോകുന്നത്. ഞാൻ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ വന്നതിനുശേഷം 100 ലധികം വരുന്ന സഖാക്കന്മാർക്ക് മെമ്പർഷിപ്പ് കൊടുക്കാൻ സാധിച്ചു. അതിനർത്ഥം പാവപ്പെട്ടവനെ പരിഗണിക്കാത്ത ഒരു പ്രസ്ഥാനവും ഇനി മുന്നോട്ടുപോകണ്ട എന്നുള്ളതാണ്.
(പ്രതീകരണത്തിൻ്റെ പൂർണ്ണരൂപം വീഡിയോയിലും കാണാം)