ആലപ്പുഴ: തനിക്കെതിരേയും പാര്‍ട്ടിക്കെതിരേയും ചാനലുകളില്‍ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് ആലപ്പുഴ ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. ബി.ജെ.പി. നേതാക്കള്‍ ശോഭാ സുരേന്ദ്രനുവേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നും അതിനെതിരേ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിനു പരാതിനല്‍കിയെന്നും ചില ചാനലുകളില്‍ വന്ന വാര്‍ത്തയാണ് അവരെ പ്രകോപിപ്പിച്ചത്. തന്റെ പിറന്നാള്‍ ദിനത്തില്‍ത്തന്നെ ഇത്തരമൊരു അപവാദപ്രചാരണം നടത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്നു പറഞ്ഞാണ് അവര്‍ വിതുമ്പിയത്.
‘ഈ വാര്‍ത്ത കൊടുത്തവര്‍ പരാതി നല്‍കിയോയെന്ന് എന്നോടു ചോദിച്ചില്ല. ഞാന്‍ ആര്‍ക്കും പരാതി കൊടുത്തിട്ടില്ല. സംഘടനയില്‍ ഒരു വിഭാഗീയതയുമില്ല. എല്ലാവരും ഒരു മനസ്സോടെയാണു പ്രവര്‍ത്തിക്കുന്നത്. മറിച്ചുള്ളതെല്ലാം കുപ്രചാരണമാണ്. കഴിഞ്ഞരാത്രി ഒരു ചാനലിന്റെ പ്രമുഖന്‍ എന്നെ കാണാനെത്തിയിരുന്നു. എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തരുതെന്ന് ആവശ്യപ്പെട്ടു. അതംഗീകരിക്കാനാകില്ലെന്ന് ഞാന്‍ പറഞ്ഞു. അതിന്റെ പ്രതികാരമായാണ് അപകീര്‍ത്തികരമായ വാര്‍ത്ത കൊടുത്തത്’ -പൊട്ടിത്തെറിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
കെ.സി. വേണുഗോപാലിനെതിരേ ആരോപണമുന്നയിച്ച് 18 ദിവസത്തിനുശേഷമാണ് അദ്ദേഹം കേസുകൊടുത്തത്. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ ആ നിമിഷംതന്നെ കേസുകൊടുക്കേണ്ടതല്ലേയെന്നും അവര്‍ ചോദിച്ചു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി പന്തളം പ്രതാപന്‍, ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.