ചെന്നൈ: ഷൊർണൂരിൽ റെയിൽവെ ട്രാക്കിലെ മാലിന്യം പൊറുക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച ശുചീകരണ തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മരിച്ച നാല് പേരുടെയും കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം നൽകാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉത്തരവിട്ടു. കുടുംബങ്ങളെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം ഷൊർണൂരിൽ ട്രെയിൻ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സേലം സ്വദേശിയായ ലക്ഷ്മണൻറെ (48) മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് റെയിൽവേ ട്രാക്കിൽ നിന്ന് മാലിന്യം പൊറുക്കുന്നതിനിടെ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി മൂന്നുപേർ മരിച്ചത്. ഇന്ന് നാലാമത്തെയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.