അമേരിക്ക: യു.എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിന്റെ അരിസോണയിലെ പ്രചാരണ ഓഫിസിന് നേരെ വെടിവെപ്പ്. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് അരിസോണയിലെ ടെമ്പെ നഗരത്തിലെ പ്രചാരണ ഓഫിസ് അക്രമികള്‍ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ 16ന് സ്ഥാപനത്തിന്റെ മുന്‍വശത്തെ ജനാലകള്‍ പെല്ലറ്റ് തോക്ക് ഉപയോഗിച്ച് നടന്ന വെടിവെപ്പില്‍ തകര്‍ന്നിരുന്നു.കഴിഞ്ഞ ദിവസം സംഭവം നടന്നതായി ചൊവ്വാഴ്ച എന്‍.ബി.സി ന്യൂസിന് നല്‍കിയ പ്രസ്താവനയില്‍ ടെമ്പെ പോലീസ് സ്ഥിരീകരിച്ചു, ഡെമോക്രാറ്റിക് നാഷനല്‍ കമ്മിറ്റി ഓഫിസില്‍ തോക്ക് ഉപയോഗിച്ചുള്ള ആക്രമണം നടന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ടെമ്പെ പൊലീസ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സാര്‍ജന്റ് റയാന്‍ കുക്ക്
സംഭവസമയത്ത് ഓഫിസ് പരിസരത്ത് ആരും ഉണ്ടായിരുന്നില്ലെന്ന് അറിയിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഫിസിന്റെ ഒരു വാതിലിലും ജനലുകളിലും വെടിയുണ്ടകള്‍ തറച്ചതായി കാണിക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക ടി.വി സ്റ്റേഷനുകള്‍ സംപ്രേഷണം ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകള്‍ ഡിറ്റക്ടിവുകള്‍ വിശകലനം ചെയ്യുകയാണ്. കൂടുതല്‍ അന്വേഷണവും നടന്നു വരുന്നു.
Also Read:അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിനെ കമല വീഴ്ത്തുമെന്ന് സർവേ ഫലങ്ങൾ
പ്രചാരണ ഓഫിസിലെ ജീവനക്കാര്‍ക്കും പ്രദേശത്തെ മറ്റുള്ളവര്‍ക്കും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.അരിസോണ ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍വുമണ്‍ യോലാന്‍ഡ ബെജാറാനോ സംഭവം സ്ഥിരീകരിച്ചു. ഈ ഭീഷണി ഗൗരവമായി എടുക്കുന്നുണ്ടെന്നും തങ്ങളുടെ സ്റ്റാഫ് ജോലിയിലായിരിക്കുമ്പോള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാന്‍ നിയമപാലകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച അരിസോണയിലേക്കുള്ള കമല ഹാരിസിന്റെ യാത്ര തീരുമാനിച്ചതിന്റെ ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം. അരിസോണയിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായുള്ള ഫീല്‍ഡ് ഓഫിസുകളില്‍ ഒന്നാണ് ടെമ്പെയിലെ ഓഫിസ്.