തിരുവനന്തപുരം: തൊഴിലിടത്തിൽ ലൈംഗിക ചൂഷണം ഉണ്ടായാൽ കേസെടുക്കാൻ നാലര വർഷം കാത്തു നിൽക്കണോ എന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചത് ക്രിമിനൽ കുറ്റമാണെന്നും ഹസൻ പറഞ്ഞു. ലേഡി ഐപിഎസ് ഓഫിസർ ഇത് അന്വേഷിക്കണം. റിപ്പോർട്ടിലെ കാര്യങ്ങൾ പഠിക്കണം, നടപടിയെടുക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.
അതേസമയം, വയനാട് ഉരുൾപൊട്ടലിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം അതിനു വേണ്ടി മാത്രം ചെലവഴിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പണം നൽകണം. വരവ് – ചെലവ് കണക്കുകൾ സർക്കാർ നൽകുമെന്നാണ് വിശ്വാസം.
വയനാട്ടിലെ നഷ്ടപരിഹാരം കണക്കാക്കാൻ ഒരു കമ്മീഷനെ നിയോഗിക്കണമെന്നും ഹസൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് ജനങ്ങൾക്ക് ആശങ്കയാകുന്നുണ്ട്. ഈ ആശങ്ക പരിഹരിക്കാൻ സർക്കാർ ഇടപെടണം. കേരളത്തിന് സുരക്ഷാ, തമിഴ്നാടിന് വെള്ളം, പുതിയ ഡാം നിർമ്മിക്കുക എന്നതാണ് തത്വത്തിൽ ഏവരും അംഗീകരിച്ചത്. സംസ്ഥാന – കേന്ദ്ര സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം.
യുഡിഎഫ് ഡിസാസ്റ്റർ മാനേജ്മെൻറ് കോൺക്ലേവ് സംഘടിപ്പിക്കും. ഈ വർഷം തന്നെ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിൽ ഹിന്ദു – മുസ്ലിം ഐക്യം തകർക്കാൻ സിപിഎം ശ്രമിച്ചുവെന്നും ഹസൻ ആരോപിച്ചു. ഉറവിടം കണ്ടെത്താൻ പൊലീസിന് പ്രയാസമില്ല. സെപ്റ്റംബർ രണ്ടിന് സെക്രട്ടറിയേറ്റിന് മുന്നിൽ യുഡിഎഫ് ധർണ നടത്തുമെന്നും ഹസൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.