തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹൈക്കോടതി മുന്‍ ജഡ്ദജി എ. ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. ചാന്‍സലറുടെ അധികാരമുപയോഗിച്ചാണ് ഗവര്‍ണര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. മുന്‍ വയനാട് ഡിവൈ.എസ്.പി വി.ജി. കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചിട്ടുണ്ട്. സിദ്ധാര്‍ഥന്‍ മരിക്കാനിടയായ സാഹചര്യം അന്വേഷിക്കുന്നതിനുപുറമേ, ഭാവിയില്‍ സര്‍വകലാശാലയില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി ശുപാര്‍ശ ചെയ്യലും പരിഗണനാവിഷയമായിരിക്കും.
മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. വി.സിയുടെയും ഡീനിന്റെയും വീഴ്ചകളും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. സി.ബി.ഐ അന്വേഷണത്തില്‍ അന്തിമതീരുമാനം വരുംമുമ്പാണ് ഗവര്‍ണര്‍ അന്വേഷണ കമ്മിഷനെ നിയമിച്ചത്. ചെലവ് വെറ്ററിനറി യൂണിവേഴ്‌സിറ്റി വഹിക്കും.കാമ്പസിന്റെയും ഹോസ്റ്റലിന്റേയും പ്രവര്‍ത്തനത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് കമ്മിഷന്‍ അന്വേഷിക്കും. സംഭവം തടയുന്നതില്‍നിന്ന് വൈസ് ചാന്‍സലറുടെ ഭാഗത്തുണ്ടായ വീഴ്ചയും കമ്മിഷന്റെ അന്വേഷണത്തിന്റെ ഭാഗമായിരിക്കും.