സിദ്ദിഖ് ഒളിവിൽ: ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു

നിയമവൃത്തങ്ങളുമായി കൂടിയാലോചന നടത്തുന്നുവെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം

സിദ്ദിഖ് ഒളിവിൽ: ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു
സിദ്ദിഖ് ഒളിവിൽ: ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു

കൊച്ചി: ലൈംഗികാതിക്രമ കേസിലെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി നടൻ സിദ്ദിഖ്. നിയമവൃത്തങ്ങളുമായി കൂടിയാലോചന നടത്തുന്നുവെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. വിധിന്യായത്തിന്റെ പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് നാളെ തന്നെ സുപ്രീം കോടതിയെ സമീപിക്കാനാണ് നടന്റെ നീക്കമെന്നും വിവരമുണ്ട്.

അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സിദ്ദിഖ് ഫോൺ സ്വിച്ച് ഓഫ് ആക്കുകയും മാധ്യമങ്ങൾക്കു മുന്നിൽവരാതെ മാറിയതും. നിലവിൽ കൊച്ചിയിലെ വീട്ടിൽ നടൻ ഇല്ലെന്നാണ് വിവരം. വിമാനത്താവളങ്ങളിൽ സിദ്ദിഖിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കുന്നത് തടാനാണ് പൊലീസിന്‍റെ നീക്കം.

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഏക പ്രതിയാണ് സിദ്ദിഖ്. ഓണാവധിക്ക് മുമ്പായിരുന്നു ഹൈക്കോടതി സിദ്ദിഖിന്റെ വാദം വിശദമായി കേട്ടത്. തുടർന്ന് ഇന്ന് വിധി പറയുകയായിരുന്നു. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.2017ൽ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന് വേണ്ടി ഹാജരായ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സിദ്ദിഖിന് വേണ്ടി ഹാജരായത്.

Also Read:സിദ്ധിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

പ്രോസിക്യൂഷന് വേണ്ടി ഹാജരായത് പി നാരായണനാണ്. നേരത്തെ പത്തോളം തെളിവുകൾ സീൽ വെച്ച കവറുകളിൽ പല ഘട്ടങ്ങളിലായി നാരായണൻ കോടതിക്ക് മുമ്പാകെ സമർപ്പിച്ചിരുന്നു. പരാതി നൽകാൻ വൈകുന്നത് ജാമ്യം നൽകാനുള്ള കാരണമല്ലെന്നും സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വെളിപ്പെടുത്തൽ പുറത്തുവന്നത് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുടെ മൊഴിയെ അവിശ്വസിക്കേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു.അതേസമയം സിദ്ദിഖ് ഒളിവിലാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. സിദ്ദിഖിന്റെ ഫോൺ പ്രവർത്തന രഹിതമാണ്. പടമുകളിലെ വീട്ടിലും ആരും ഇല്ല, വാഹനവും ഇല്ല. കഴിഞ്ഞ ദിവസം വരെ സിദ്ദിഖ് വീട്ടിലുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.

Top