തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും തിരച്ചിൽ നോട്ടിസ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ ഡിജിപി നിർദേശം നൽകി. ഇതുസംബന്ധിച്ച അഭ്യർഥനയുമായി എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിപിമാർക്ക് ഇമെയിൽ അയച്ചു. മറ്റേതെങ്കിലും സംസ്ഥാനത്തെത്തിയാൽ തിരിച്ചറിഞ്ഞ് അന്വേഷണസംഘത്തെ അറിയിക്കാൻ ഫോൺ നമ്പറും പത്രങ്ങൾക്ക് നൽകിയിട്ടുണ്ട്. തമിഴ്നാട്, കർണാടക പത്രങ്ങളിൽ സിദ്ദിഖിന്റെ ഫോട്ടോ പതിച്ച അറിയിപ്പും അന്വേഷണസംഘത്തിന്റെ ഫോൺ നമ്പറും പരസ്യമായി പ്രസിദ്ധീകരിക്കാൻ ഇന്നലെത്തന്നെ കൈമാറി.
റോഡ് മാർഗം കേരളത്തിൽ നിന്നു രക്ഷപ്പെടാതിരിക്കാൻ അതിർത്തികളിൽ പരിശോധനാ സംഘത്തെ നിയോഗിച്ചു. സിദ്ദിഖിനെ കണ്ടെന്നു പറഞ്ഞ് പത്തിലധികം ഫോൺ കോളുകൾ വന്നതിനെ തുടർന്ന് ഇന്നലെ രാത്രി ഇവിടെയെല്ലാം പരിശോധന നടത്തി. പുലർച്ചെ വർക്കലയിൽ ഹോട്ടലിൽ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയും പൊലീസ് പരിശോധന നടത്തി.
കൊച്ചിയിലെ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിലും പരിശോധന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ചില നടൻമാരുടെ ഫാം ഹൗസുകൾ, ഫ്ലാറ്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ അന്വേഷിച്ചെന്നും ഡ്രൈവർമാരുടെയും സിനിമാമേഖലയിലെ ഉന്നതരുടെയും വരെ ഫോണുകൾ പരിശോധനയ്ക്ക് നൽകിയിരിക്കുന്നു. ഫീൽഡിൽ 10 സംഘവും സൈബർ സംഘത്തിന്റെ മറ്റൊരു 10 പേരും പരിശോധനയിൽ സജീവമാണെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.