സിദ്ദിഖ് ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും; അഡ്വ. ബി രാമൻ പിള്ള

ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് ആശ്വാസമായി സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീംകോടതി തടയുകയായിരുന്നു

സിദ്ദിഖ് ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും; അഡ്വ. ബി രാമൻ പിള്ള
സിദ്ദിഖ് ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും; അഡ്വ. ബി രാമൻ പിള്ള

കൊച്ചി: സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ സിദ്ദിഖ് ഉടൻ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് അഭിഭാഷകൻ ബി രാമൻ പിള്ള. അറസ്റ്റ് തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അഭിഭാഷകൻ പറഞ്ഞു. ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് ആശ്വാസമായി സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീംകോടതി തടയുകയായിരുന്നു.

രണ്ടാഴ്ചത്തേയ്ക്കാണ് അറസ്റ്റ് തടഞ്ഞത്. പരാതി നൽകാനുള്ള കാലതാമസം പരിഗണിച്ചാണ് സുപ്രീകോടതിയുടെ നടപടി. അന്വേഷണത്തോട് സിദ്ദിഖ് സഹകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. വിചാരണക്കോടതി മുന്നോട്ടുവെയ്ക്കുന്ന ഉപാധികൾ സിദ്ദിഖ് പാലിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയിൽ എത്തിയിരുന്നു.

യുവ നടിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടിയാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. സിദ്ദിഖിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഹാജരായി. പരാതി നൽകാൻ കാലതാമസമുണ്ടായി എന്നതായിരുന്നു സിദ്ദിഖിന് വേണ്ടി മുകുൾ റോത്തഗി കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ച കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എട്ട് വർഷം സർക്കാർ എന്തുചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. കേസ് രജിസ്റ്റർ ചെയ്യാൻ എന്തുകൊണ്ട് വൈകി എന്ന കാര്യം സർക്കാർ വിശദീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. പരാതി നൽകാൻ എന്തുകൊണ്ട് വൈകി എന്ന കാര്യം വ്യക്തമാക്കി അതിജീവിത സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Top