CMDRF

സിക്കിം, അരുണാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കുന്നു

സിക്കിം, അരുണാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കുന്നു
സിക്കിം, അരുണാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കുന്നു

ഡൽഹി: സിക്കിം, അരുണാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അരുണാചൽ പ്രദേശിൽ ബിജെപി ഭരണം ഉറപ്പിച്ചു കഴിഞ്ഞു. കേവല ഭൂരിപക്ഷത്തിനു 31 സീറ്റുകൾ വേണമെന്നിരിക്കെ 41 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. ഇതിൽ 10 സീറ്റുകളിൽ നേരത്തെ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാണ്. എൻപിപി നാല് സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും മറ്റുള്ളവർ അഞ്ച് സീറ്റുകളിലും മുന്നേറുകയാണ്.

സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ചയാണ് മുന്നേറുന്നത്. 31 സീറ്റിലാണ് ലീഡ്. കേവല ഭൂരിപക്ഷത്തിന് 17 സീറ്റുകളാണ് വേണ്ടത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 1 സീറ്റിൽ ലീഡ് ചെയ്യുന്നു. അരുണാചൽ പ്രദേശിൽ അധികാരത്തിലുള്ള ബിജെപി തുടർഭരണമാണ് ലക്ഷ്യമിടുന്നത്. 10 സീറ്റുകളിൽ ഇതിനോടകം എതിരില്ലാതെ ബിജെപി സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേൻ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചത്. 2019ൽ അരുണാചലിൽ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. കോൺഗ്രസ് നാലും ജെഡിയു ഏഴും എൻപിപി അഞ്ചും സീറ്റുകളിലാണ് വിജയിച്ചത്.

സിക്കിമിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയും (എസ്‌കെഎം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) തമ്മിലാണ് പ്രധാന മത്സരം. ബിജെപിയും കോൺഗ്രസും സംസ്ഥാനത്ത് സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്കെഎം), മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ് (എസ്ഡിഎഫ്), മുൻ ഫുട്‌ബോൾ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരാണ് സംസ്ഥാനത്തെ പ്രമുഖ സ്ഥാനാർഥികൾ. 2019ലെ തിരഞ്ഞെടുപ്പിൽ 17 സീറ്റുമായി എസ്കെഎം അധികാരം പിടിക്കുകയായിരുന്നു. എസ്ഡിഎഫിന് 15 സീറ്റാണ് നേടാനായത്.

Top