മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന ‘തഗ് ലൈഫ്’ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഉറ്റ് നോക്കുന്നത്. ചിത്രത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ പിന്‍മാറിയതിന് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ തമിഴ് താരം സിലംബരശനെ പരിഗണിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ സിമ്പു സിനിമയില്‍ അഭിനയിക്കുന്നതിന് സമ്മതം മൂളിയെന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. സിമ്പു ഈ വാരം തന്നെ സിനിമയ്ക്കായുള്ള കരാറില്‍ ഒപ്പിടും. ശേഷം സിനിമയുടെ ഭാഗമാകുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. തഗ് ലൈഫിനായി 25 ദിവസത്തെ ഡേറ്റാണ് താരം നല്‍കിയിരിക്കുന്നത്. ചിത്രം പൂര്‍ത്തിയാക്കിയ ശേഷം മെയ് അവസാനത്തോടെയോ അല്ലെങ്കില്‍ ജൂണിലോ എസ്ടിആര്‍ 48 എന്ന സിമ്പുവിന്റെ പുതിയ പ്രോജക്ടിന് തുടക്കമാവും.
മറ്റു സിനിമകളുടെ തിരക്കുകള്‍ മൂലമാണ് ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയത്. തുടര്‍ന്നാണ് അണിയറപ്രവര്‍ത്തകര്‍ സിമ്പുവിലെക്ക് എത്തിയത്. മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനത്തി’ല്‍ ഒരു പ്രധാന കഥാപാത്രത്തെ സിമ്പു അവതരിപ്പിച്ചിരുന്നു. സിനിമയില്‍ മറ്റൊരു കഥാപാത്രത്തിനായി പരിഗണിച്ചിരുന്ന നടന്‍ ജയം രവിയും സിനിമയില്‍ നിന്ന് പിന്മാറുന്നുവെന്ന അഭ്യൂഹങ്ങളുണ്ട്. ഡേറ്റ് ക്ലാഷ് മൂലമാണ് ജയം രവി ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 1, പൊന്നിയിന്‍ സെല്‍വന്‍ 2, എന്നീ സിനിമകളിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവിയായിരുന്നു.
മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് തഗ് ലൈഫ് നിര്‍മ്മിക്കുന്നത്. തൃഷ കൃഷ്ണന്‍, ഗൗതം കാര്‍ത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.
1987ല്‍ പുറത്തിറങ്ങിയ ‘നായകന്’ ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. എ ആര്‍ റഹ്‌മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണം, അന്‍പറിവ് സംഘട്ടന സംവിധാനവും നിര്‍വ്വഹിക്കുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.