ലളിത വിവാഹം; റജിസ്‌ട്രേഷന്‍ ഐജി ശ്രീധന്യ വിവാഹിതയായി

ലളിത വിവാഹം; റജിസ്‌ട്രേഷന്‍ ഐജി ശ്രീധന്യ വിവാഹിതയായി
ലളിത വിവാഹം; റജിസ്‌ട്രേഷന്‍ ഐജി ശ്രീധന്യ വിവാഹിതയായി

തിരുവനന്തപുരം: 2019 ല്‍ സിവില്‍ സര്‍വീസില്‍ മുത്തമ്മിട്ട ശ്രീധന്യ വിവാഹിതയായി. ചെലവു കുറഞ്ഞതാകണം വിവാഹമെന്നു ശ്രീധന്യ സുരേഷ് നേരത്തേ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ റജിസ്‌ട്രേഷന്‍ ഐജിയായതോടെ റജിസ്റ്റര്‍ വിവാഹമെന്ന തീരുമാനത്തിലുമെത്തി. ഹൈക്കോടതി അസിസ്റ്റന്റായ ഗായക് ആര്‍. ചന്ദ് ആണ് വരന്‍.

ശ്രീധന്യയുടെ തിരുവനന്തപുരം കുമാരപുരത്തെ വീട്ടില്‍ ഇന്നലെയായിരുന്നു വിവാഹം. ശ്രീധന്യയുടെ മാതാപിതാക്കളായ വയനാട് പൊഴുതന അമ്പലക്കൊല്ല് വീട്ടില്‍ കെ.കെ.സുരേഷും കെ.സി.കമലയും ഗായകിന്റെ മാതാപിതാക്കളായ ഓച്ചിറ വലിയമഠത്തില്‍ ഗാനം വീട്ടില്‍ കെ.രാമചന്ദ്രനും ടി.രാധാമണിയും ഉള്‍പ്പെടെ വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് നടന്നത്. ജില്ലാ റജിസ്ട്രാര്‍ ജനറല്‍ പി.പി.നൈനാന്‍ വിവാഹ കര്‍മം നിര്‍വഹിച്ചു. വിവാഹാശംസകള്‍ക്കൊപ്പം 2 ദിവസത്തെ അവധിയും അനുവദിച്ചു റജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിവാഹത്തില്‍ പങ്കെടുത്തു.

സിവില്‍ സര്‍വീസ് പരിശീലനത്തിനിടെയാണ് ശ്രീധന്യയും ഗായകും പരിചയപ്പെട്ടത്. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വീട്ടില്‍ വിവാഹം നടത്താമെന്ന് അറിയുന്നവര്‍ കുറവാണെന്നും ഇതുള്‍പ്പെടെ റജിസ്‌ട്രേഷന്‍ വകുപ്പിന്റെ വിവിധ സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും ശ്രീധന്യ പറഞ്ഞു. 1000 രൂപ അധികഫീസ് നല്‍കിയാല്‍ വീട്ടില്‍ വിവാഹം നടത്താമെന്നാണു വ്യവസ്ഥ.

Top