ജിദ്ദ: ചെങ്കടലിൽ സൗദി അറേബ്യയുടെ ടൂറിസം പദ്ധതിയായ ‘സിൻഡല ദ്വീപ്’ തുറന്നു. അതിഥികളുടെ ആദ്യ സംഘത്തെ ദ്വീപ് വരവേറ്റു. സന്ദർശകരെ സ്വീകരിക്കുന്ന നിയോം പദ്ധതിയിലെ ലക്ഷ്യസ്ഥാനമായി മാറി സിൻഡല. സമുദ്ര വിനോദസഞ്ചാരം ത്വരിതപ്പെടുത്തുന്നതിന്റെ തെളിവാണ് ഈ ദ്വീപ് നിർമാണം. 2022 ഡിസംബറിൽ കിരീടാവകാശിയും നിയോം ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് സിൻഡല ദ്വീപിന്റെ വിനോദസഞ്ചാര വികസന പദ്ധതി പ്രഖ്യാപിച്ചത്.
സൗദി ടൂറിസം മേഖലയുടെ വളർച്ചയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് സിൻഡല. നിയോമിന്റെ നേതൃത്വത്തിൽ നാല് തദ്ദേശീയ നിർമാണ കമ്പനികളും അവയ്ക്ക് കീഴിലുള്ള 60-ഓളം ഉപ കരാറുകാരുടെയും 30,000 തൊഴിലാളികളുടെയും രണ്ടുവർഷത്തെ അശ്രാന്തമായ പ്രയത്നങ്ങൾക്കൊടുവിലണ് സിൻഡല ദ്വീപ് യാഥാർഥ്യമാകുന്നത്. ദ്വീപ് സന്ദർശിക്കാൻ ക്ഷണിക്കപ്പെട്ട അതിഥികളുടെ ആദ്യ ബാച്ചിനെ സിൻഡല സ്വീകരിച്ചു. സൗദിയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തായി നിയോം തീരത്തുനിന്ന് അഞ്ച് കിലോമീറ്റർ അകലെ ചെങ്കടലിലെ ‘ടർക്കോയ്സ്’ ജലഭാഗത്തിന്റെ ഹൃദയഭാഗത്താണ് സിൻഡല സ്ഥിതി ചെയ്യുന്നത്.
Also Read: ആഘോഷങ്ങൾക്ക് ഇനി അനുമതി നിർബന്ധം: അബുദാബി
ഈ സവിശേഷ ലക്ഷ്യസ്ഥാനം 84,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. യൂറോപ്പ്, സൗദി, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള ബോട്ട്, കപ്പൽ എന്നിവക്ക് എളുപ്പവും സുഗമവുമായ പ്രവേശനത്തിന് അനുയോജ്യമായ, ചെങ്കടലിന്റെ കവാടമെന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന സ്ഥലത്താണ് സിൻഡല സ്ഥിതി ചെയ്യുന്നത്.മെഡിറ്ററേനിയൻ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽനിന്ന് 17 മണിക്കൂർ കപ്പൽ യാത്രാദൂരമാണ് ഇവിടേക്കുള്ളത്.
സാങ്കേതികവിദ്യയും വാസ്തുവിദ്യാ മികവും കൊണ്ട് നൂതനമായ രൂപകൽപനക്കൊപ്പം പ്രകൃതിസൗന്ദര്യം കൂടി ചേർന്ന് സിൻഡല ദ്വീപ് ഏറ്റവും മനോഹരവും സൗകര്യപ്രദവും മികവുറ്റതുമായ വിനോദസഞ്ചാര കേന്ദ്രമായി മാറുന്നു. റസ്റ്റാറന്റുകൾ, ഹോട്ടലുകൾ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവ ദ്വീപിലുണ്ട്. 3,500 ഓളം തൊഴിലവസരങ്ങളാണ് ഈ ദ്വീപിൽ പ്രതീക്ഷിക്കുന്നത്. 2028-ഓടെ പ്രതിദിനം 2400 സന്ദർശകരെ സ്വീകരിക്കും.